ഒഫീഷ്യൽ : എഫ്സി ബാഴ്സലോണ പരിശീലകനായി റൊണാൾഡ്‌ കൂമാനെ നിയമിച്ചു !

ഒടുവിൽ തങ്ങളുടെ പുതിയ പരിശീലകനെ ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുറച്ചു മുൻപാണ് തങ്ങളുടെ വെബ്സൈറ്റിലൂടെ ബാഴ്സ പുതിയ പരിശീലകനായി റൊണാൾഡ്‌ കൂമാനെ നിയമിച്ച കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട കീക്കെ സെറ്റിയന് പകരക്കാരനായാണ് കൂമാൻ ബാഴ്സയുടെ പരിശീലകവേഷമണിയുന്നത്. രണ്ട് വർഷത്തെ കരാറിലാണ് ഇദ്ദേഹം ബാഴ്സയിൽ എത്തിയിരിക്കുന്നത്. കരാർ പ്രകാരം 2022 ജൂൺ മുപ്പത് വരെ ഇദ്ദേഹം ക്ലബിനോടൊപ്പം ഉണ്ടാവും. മുൻപ് ഹോളണ്ട് ദേശിയ ടീമിന്റെ പരിശീലകൻ ആയിരുന്നു. ആ സ്ഥാനം രാജിവെച്ചു കൊണ്ടാണ് ബാഴ്സ പരിശീലകനായി ചുമതലയേൽക്കുന്നത്.

1989 മുതൽ 1995 വരെ ബാഴ്സ ജേഴ്‌സിയിൽ പന്തുതട്ടിയ താരമാണ് കൂമാൻ. ബാഴ്സക്ക് വേണ്ടി 264 മത്സരങ്ങൾ കളിച്ച താരം 88 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്സക്ക് ആദ്യമായി ചാമ്പ്യൻസ് ലീഗ് നേടികൊടുത്ത താരമാണ് ഇദ്ദേഹം. 1992-ൽ വെംബ്ലി സ്റ്റേഡിയയിൽ വെച്ച് നടന്ന ഫൈനലിൽ സാംപടോറിയക്കെതിരെ ബാഴ്സ നേടിയ ഏകഗോൾ നേടിയത് ഇദ്ദേഹമായിരുന്നു. ബാഴ്സയ്ക്കൊപ്പം പത്ത് കിരീടങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. ഒരു യൂറോപ്യൻ കപ്പ് (ചാമ്പ്യൻസ് ലീഗ്), 4 ലാലിഗ, 3 സ്പാനിഷ് സൂപ്പർ കപ്പ്, ഒരു കോപ ഡെൽ റേ, ഒരു യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ ഇദ്ദേഹം ബാഴ്സയ്ക്കൊപ്പം നേടിയിട്ടുണ്ട്. പരിശീലകൻ എന്ന നിലയിലും ഇദ്ദേഹത്തിന് പരിചയസമ്പത്ത് ഉണ്ട്. പ്രീമിയർ ലീഗ്, ലാലിഗ, പോർച്ചുഗീസ് ലീഗ്, ഡച്ച് ലീഗ് എന്നിവയിൽ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. മുൻപ് ബാഴ്സയിലും അസിസ്റ്റന്റ് കോച്ച് ആയി പരിശീലിപ്പിച്ചിട്ടുണ്ട്. ടീമിനെ പുനർനിർമിക്കുക എന്ന വലിയ വെല്ലുവിളിയാണ് നിലവിൽ ഇദ്ദേഹം നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *