ഒഫീഷ്യൽ: അഷ്‌റഫ്‌ ഹാക്കിമിയെ റയൽ മാഡ്രിഡ്‌ കൈവിട്ടു

റയൽ മാഡ്രിഡ്‌ പ്രതിരോധനിര താരം അഷ്‌റഫ്‌ ഹാക്കിമി ക്ലബ്‌ വിട്ട കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. റയൽ മാഡ്രിഡ്‌ തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയാണ് ഫുട്ബോൾ ലോകത്തെ ഇക്കാര്യം അറിയിച്ചത്. ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനാണ് താരത്തെ റയലിൽ നിന്നും റാഞ്ചിയത്. റയലിലൂടെ വളർന്ന താരം കഴിഞ്ഞ രണ്ട് സീസണുകളിൽ ജർമ്മൻ വമ്പൻമാരായ ബൊറുസിയക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. രണ്ട് വർഷം ബുണ്ടസ്ലിഗയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന താരത്തെ റയൽ തിരികെയെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. റയലിലേക്ക് തിരികെ വരാൻ താരത്തിന് ആഗ്രഹം ഇല്ലാത്തതിനാൽ താരത്തെ വിൽക്കാൻ റയൽ തീരുമാനിക്കുകയായിരുന്നു.

ഇരുപത്തിയൊന്ന് വയസ്സുകാരനായ താരം നാല്പത് മില്യൺ യുറോക്കാണ് റയലിലേക്ക് കൂടുമാറിയത് എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് വർഷത്തെ കരാറിലാണ് താരം ഇന്ററിൽ എത്തിയിരിക്കുന്നത്. അതേ സമയം താരത്തിന് റയൽ മാഡ്രിഡ്‌ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. 2006 മുതൽ ക്ലബിന്റെ ഭാഗമായ താരത്തിന് നല്ലൊരു ഭാവിയും ക്ലബ്‌ നേർന്നിട്ടുണ്ട്. ഈ ബുണ്ടസ്ലിഗയിൽ അഞ്ച് ഗോളുകളും പത്ത് അസിസ്റ്റുകളും ഈ ഡിഫൻഡർ നേടിയിട്ടുണ്ട്. 2021 വരെ റയലുമായി കരാർ ഉണ്ടായിരുന്നുവെങ്കിലും താരം ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *