ഒടുവിൽ സമനില, ചാമ്പ്യൻമാർ ലീഗ് അവസാനിപ്പിച്ചു

ലാലിഗ പുനരാരംഭിച്ച ശേഷം ആരംഭിച്ച വിജയകുതിപ്പ് അവസാനമത്സരത്തിൽ തുടരാൻ റയൽ മാഡ്രിഡിന് കഴിഞ്ഞില്ല. കിരീടമുറപ്പിച്ചതിന്റെ ആലസ്യത്തിൽ ഇറങ്ങിയ റയൽ മാഡ്രിഡിനെ ലെഗാനസാണ് പിടിച്ചു കെട്ടിയത്. ലെഗാനസിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് റയലിന് സമനില വഴങ്ങേണ്ടി വന്നത്. ആദ്യമായാണ് റയൽ ബ്രേക്ക്ഡൗണിന് ശേഷം പോയിന്റ് നഷ്ടപെടുത്തുന്നത്. ഇതോടെ മുപ്പത്തിയെട്ട് മത്സരങ്ങളിൽ നിന്ന് ഇരുപത്തിയാറു വിജയവും ഒമ്പതു സമനിലയും മൂന്ന് തോൽവിയുമുൾപ്പടെ 87 പോയിന്റ് നേടികൊണ്ട് റയൽ ലീഗ് അവസാനിപ്പിച്ചു. സെർജിയോ റാമോസ്, മാർക്കോ അസെൻസിയോ എന്നിവരാണ് ഇന്നലെ റയൽ മാഡ്രിഡിന് വേണ്ടി ഗോൾ നേടിയത്.

ഗോൾകീപ്പർ തിബൗട്ട് കോർട്ടുവ, ടോണി ക്രൂസ്, ലൂക്ക മോഡ്രിച്, റാഫേൽ വരാനെ, ഡാനി കാർവഹൽ എന്നീ പ്രമുഖതാരങ്ങൾക്ക് വിശ്രമം നൽകികൊണ്ടാണ് റയൽ മാഡ്രിഡ്‌ കളി ആരംഭിച്ചത്. എന്നാൽ ലെഗാനസിൽ നിന്നും കനത്ത വെല്ലുവിളി തന്നെയാണ് റയൽ മാഡ്രിഡിന് നേരിടേണ്ടി വന്നത്. മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ റാമോസാണ് ആദ്യഗോൾ നേടിയത്. ഇസ്കോയുടെ ഫ്രീകിക് ഒരു ഹെഡറിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ബ്രയാൻ ഗിൽ സമനില നേടി. എന്നാൽ 52-ആം മിനിറ്റിൽ അസെൻസിയോ വീണ്ടും റയലിന് ലീഡ് നേടിക്കൊടുത്തു. ഇസ്കോയുടെ പാസിൽ നിന്നാണ് അസെൻസിയോ ഗോൾ നേടിയത്. എന്നാൽ പിന്നീട് ലെഗാനസ് ആക്രമണം കടിപ്പിക്കുകയായിരുന്നു. പലപ്പോഴും റയൽ ഗോൾകീപ്പർ അരിയോളക്ക് കനത്ത ഭീഷണി ഉയർന്നു. ഫലമായി എഴുപത്തിയെട്ടാം മിനുട്ടിൽ റോജർ അസ്സാലെ ലെഗാനസിന് സമനില നേടികൊടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *