ഒടുവിൽ ബാഴ്സക്ക് ആശ്വാസം,60 മില്യൺ കിട്ടി, താരങ്ങളെ രജിസ്റ്റർ ചെയ്യാം!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് താരങ്ങളെ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ സ്വന്തമാക്കി കഴിഞ്ഞു.ഇൽകെയ് ഗുണ്ടോഗൻ,ഇനീഗോ മാർട്ടിനസ്,ഒറിയോൾ റോമിയു എന്നിവരെയാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്.ഈ താരങ്ങളെ ഇതുവരെ ക്ലബ്ബിന് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.അരൗഹോ,സെർജി റോബെർട്ടോ,ഇനാക്കി പെന,മാർക്കോസ് അലോൺസോ എന്നിവരുടെ കോൺട്രാക്ട് ക്ലബ്ബിന് പുതുക്കാനുമുണ്ട്.

സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഇതൊന്നും പരിഹരിക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോൾ ഒരു ആശ്വാസവാർത്ത അവരെ തേടിയെത്തിയിട്ടുണ്ട്. 60 മില്യൺ യൂറോ ബാഴ്സക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഡീലിൽ ബാക്കിയുണ്ടായിരുന്ന 60 മില്യൺ യൂറോയാണ് ബാഴ്സക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ താരങ്ങളെ രജിസ്റ്റർ ചെയ്യാനും കോൺട്രാക്ട് പുതുക്കാനും ബാഴ്സക്ക് സാധിക്കും.

കഴിഞ്ഞ സമ്മറിൽ ബാഴ്സ ഫിനാൻഷ്യൽ ലിവറുകൾ ആക്ടിവേറ്റ് ചെയ്തിരുന്നു. ബാഴ്സ തങ്ങളുടെ ഹൗസ് സ്റ്റുഡിയോ പ്രൊഡക്ഷന്റെ 24.5 ശതമാനം ഓർഫസ് മീഡിയ, സോഷ്യോസ് ഡോട്ട് കോം എന്നിവർക്ക് വിറ്റിരുന്നു.100 മില്യൺ യൂറോക്കായിരുന്നു ഈ ഓഹരി കൈമാറിയിരുന്നത്. നിയമപരമായ പ്രശ്നങ്ങൾ മൂലം 60 മില്യൺ യൂറോ അവിടെ ബ്ലോക്ക് ആയി കിടക്കുകയായിരുന്നു.ആ തടസ്സങ്ങൾ ഇപ്പോൾ നീങ്ങിയിട്ടുണ്ട്. ആ തുകയാണ് ഇപ്പോൾ ബാഴ്സക്ക് ലഭിച്ചിട്ടുള്ളത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ഇപ്പോൾ പ്രീ സീസണിൽ ബാഴ്സക്ക് ലഭിച്ചിട്ടുള്ളത്.യുവന്റസിനെതിരെയുള്ള ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. പിന്നീട് ആഴ്സണലിനെതിരെ നടന്ന മത്സരത്തിൽ ബാഴ്സക്ക് തോൽവി വഴങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ആഴ്സണൽ എഫ് സി ബാഴ്സലോണയെ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *