ഒടുവിൽ അബിദാലിനെയും ബാഴ്സ പുറത്താക്കി !

എഫ്സി ബാഴ്സലോണ അവരുടെ ടെക്നിക്കൽ മാനേജറായ എറിക് അബിദാലിനെ തൽസ്ഥാനത്തും നീക്കി. ബാഴ്സ തന്നെയാണ് തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. അബിദാലുമായുള്ള കരാർ അവസാനിപ്പിച്ചു എന്നറിയിച്ച ബാഴ്സ അദ്ദേഹത്തിന് നന്ദിയും ആശംസകളും അറിയിച്ചു. അബിദാലിനെ നീക്കം ചെയ്യില്ലെന്ന് തുടക്കത്തിൽ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഇതോടെ അതെല്ലാം അസ്ഥാനത്താവുകയായിരുന്നു. ഇന്നലെ പരിശീലകൻ കീക്കെ സെറ്റിയനെയും ബാഴ്സ പുറത്താക്കിയിരുന്നു. പുതിയ ടെക്നിക്കൽ മാനേജർ ആരെന്ന് തീരുമാനിച്ചിട്ടില്ല. അതേസമയം പരിശീലകനായി റൊണാൾഡ്‌ കൂമാനെ ബാഴ്സ ഉടനടി തന്നെ ഔദ്യോഗികമായി നിയോഗിച്ചേക്കും.

ബാഴ്സയുടെ പുനർനിർമാണത്തിന്റെ ഭാഗമായാണ് അബിദാലിനെ ബാഴ്സ പുറത്താക്കിയത്. 8-2 ന്റെ തോൽവിക്ക് പിന്നാലെ ശക്തമായ തീരുമാനങ്ങൾ ഉണ്ടാവുമെന്ന് പ്രസിഡന്റ്‌ ബർതോമ്യു അറിയിച്ചിരുന്നു. എന്നാൽ ബർതോമ്യു മാർച്ച്‌ വരെ ക്ലബിന്റെ പ്രസിഡന്റ്‌ സ്ഥാനത്ത് ഉണ്ടാവും. 2018-ൽ ആയിരുന്നു അബിദാൽ ബാഴ്സയുടെ ടെക്നിക്കൽ മാനേജർ ആയി ചുമതലയേറ്റത്. എന്നാൽ മുൻതാരം മുൻകൈ എടുത്തു നടത്തിയ തീരുമാനങ്ങൾ ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല. ഗ്രീസ്‌മാന്റെ സൈനിംഗ് ഒക്കെ അബിദാലിന്റെ നിർദേശപ്രകാരമായിരുന്നു. മുൻപ് മെസ്സിയും താരത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയിരുന്നു. അദ്ദേഹത്തിന് കൂടുതലായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നായിരുന്നു മെസ്സി പറഞ്ഞത്. ഇതിന് അദ്ദേഹം മറുപടി നൽകിയിരുന്നു. ഏതായാലും അബിദാലിനോട് മെസ്സി സ്വരച്ചേർച്ചയിൽ അല്ല എന്നുള്ളത് മുമ്പ് തന്നെ വ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *