എൽ ക്ലാസ്സിക്കോ അരങ്ങേറ്റത്തിൽ തന്നെ ചരിത്രം കുറിച്ച് ഔബമയാങ്!
ഇന്നലെ ലാലിഗയിൽ നടന്ന എൽ ക്ലാസ്സിക്കോ പോരാട്ടത്തിൽ റയലിനെ തകർത്തു തരിപ്പണമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്സ സാന്റിയാഗോ ബെർണാബുവിൽ വെച്ച് റയലിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഔബമയാങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ അരൗഹോ,ടോറസ് എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയത്. മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്സ കാഴ്ചവെച്ചത്.
മത്സരത്തിന്റെ 29-ആം മിനുട്ടിലാണ് ഔബ ഗോൾ നേടിയത്.ഡെമ്പലെയുടെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ കണ്ടെത്തിയത്.47-ആം മിനുട്ടിൽ ഫെറാൻ ടോറസ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ഔബമയാങ്ങായിരുന്നു.51-ആം മിനുട്ടിൽ ഔബമയാങ് വീണ്ടും ഗോൾ നേടി.ഇത്തവണ ടോറസിനായിരുന്നു അസിസ്റ്റ്.അതായത് ബാഴ്സ നേടിയ മൂന്ന് ഗോളുകളിലും ഔബയുടെ പങ്കാളിത്തമുണ്ടായിരുന്നു.
— Murshid Ramankulam (@Mohamme71783726) March 21, 2022
ഇതോട് കൂടി ഒരു ചരിത്ര നേട്ടം സ്വന്തമാക്കാൻ ഔബമയാങ്ങിന് സാധിച്ചിട്ടുണ്ട്.അതായത് എൽ ക്ലാസ്സിക്കോയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് ഗോളുകളിൽ പങ്കാളിത്തം വഹിക്കുന്ന 21-ആം നൂറ്റാണ്ടിലെ ആദ്യ താരമാണ് ഔബമയാങ്.ഇതിന് മുമ്പ് ഈ നൂറ്റാണ്ടിൽ ആരുംതന്നെ റയലിനെതിരെയുള്ള ആദ്യമത്സരത്തിൽ ബാഴ്സക്ക് വേണ്ടി മൂന്ന് ഗോളുകളിൽ പങ്കാളിത്തം വഹിച്ചിട്ടില്ല.
കൂടാതെ മറ്റൊരു റെക്കോർഡ് കൂടി ഔബ സ്വന്തമാക്കിയിട്ടുണ്ട്. അതായത് റയലിനെതിരെ താരം കളിച്ച അവസാന അഞ്ച് മത്സരങ്ങളിലും താരം ഗോൾ നേടിയിട്ടുണ്ട്.21-ആം നൂറ്റാണ്ടിൽ ഈയൊരു നേട്ടം കരസ്ഥമാക്കുന്ന ആദ്യ താരമാണ് ഔബ.ആറ് ഗോളുകളാണ് താരം അവസാന അഞ്ച് മത്സരങ്ങളിൽ റയലിനെതിരെ നേടിയിട്ടുള്ളത്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിയ താരം നിലവിൽ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.7 ലീഗ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 1 അസിസ്റ്റും സ്വന്തമാക്കാൻ ഔബക്ക് കഴിഞ്ഞിട്ടുണ്ട്. ബാഴ്സയുടെ ഇപ്പോഴത്തെ മികച്ച പ്രകടനത്തിൽ ഒഴിച്ചുകൂടാനാവാത്ത പങ്ക് ഔബയുടേതാണ്.