എൽ ക്ലാസിക്കോ പരാജയം, കൂമാനെതിരെ അക്രമാസക്തരായി ബാഴ്‌സ ആരാധകർ, അപലപിച്ച് ബാഴ്‌സ!

ഇന്നലെ ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ എഫ്സി ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. റയലിന് വേണ്ടി അലാബ, വാസ്ക്കസ് എന്നിവർ ഗോൾ നേടിയപ്പോൾ ബാഴ്‌സയുടെ ഗോൾ അഗ്വേറോയുടെ വകയായിരുന്നു. തോൽവിയോടെ ബാഴ്‌സയുടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായി.9 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുകൾ മാത്രമുള്ള ബാഴ്‌സയിപ്പോൾ 9-ആം സ്ഥാനത്താണ്.

ഏതായാലും ഈയൊരു തോൽവിയിൽ എഫ്സി ബാഴ്സലോണയുടെ ആരാധകർ വലിയ രോഷാകുലരാണ്. മത്സരശേഷം ക്യാമ്പ് നൗവിന് പുറത്തുള്ള ബാഴ്‌സ ആരാധകർ പരിശീലകൻ റൊണാൾഡ് കൂമാനെതിരെ അക്രമാസക്തരാവുന്നതായിരുന്നു കാണാൻ സാധിച്ചത്. കാറിൽ മടങ്ങുന്ന കൂമാനെ തടഞ്ഞു നിർത്തുകയും രോഷം പ്രകടിപ്പിക്കുകയുമായിരുന്നു ബാഴ്‌സ ചെയ്തത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ രൂപത്തിൽ ബാഴ്‌സ ആരാധകർക്ക്‌ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

അതേസമയം ഈ സംഭവവികാസങ്ങളിൽ എഫ്സി ബാഴ്സലോണ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷ വർധിപ്പിക്കുമെന്നും ബാഴ്‌സ അറിയിച്ചിട്ടുണ്ട്. ബാഴ്‌സയുടെ ട്വീറ്റ് ഇങ്ങനെയാണ്.

“ക്യാമ്പ് നൗവിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങളുടെ പരിശീലകൻ അനുഭവിച്ച അക്രമപരവും നിന്ദ്യവുമായ പ്രവർത്തികളിൽ എഫ്സി ബാഴ്‌സലോണ പരസ്യമായി അപലപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്ലബ് സുരക്ഷാ നടപടികളും അച്ചടക്ക നടപടികളും സ്വീകരിക്കും” ഇതായിരുന്നു ബാഴ്‌സ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *