എൻഡ്രിക്ക് റയൽ വിടുന്നു? രണ്ട് വമ്പൻ ക്ലബ്ബുകൾക്ക് താൽപര്യം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് റയൽ മാഡ്രിഡിൽ എത്തിയത്. കേവലം 18 വയസ്സ് മാത്രമുള്ള ഈ താരത്തിന് വേണ്ടത്ര അവസരങ്ങൾ ഇപ്പോൾ ലഭിക്കാറില്ല.ലാലിഗയിൽ കേവലം 39 മിനിറ്റുകൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. 7 തവണ പകരക്കാരന്റെ വേഷത്തിലാണ് അദ്ദേഹം ഇറങ്ങിയിട്ടുള്ളത്.2 ഗോളുകൾ നേടാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.
അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന് ബ്രസീലിന്റെ ദേശീയ ടീമിൽ ഇടം ലഭിച്ചിരുന്നില്ല. അതുകൊണ്ട് വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് വിടാൻ എൻഡ്രിക്ക് ആലോചിക്കുന്നുണ്ട്.അവസരം ലഭിക്കുന്ന മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോകാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ജനുവരിയിൽ ക്ലബ്ബ് വിടുന്ന കാര്യം അദ്ദേഹം സീരിയസായി പരിഗണിച്ചു തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ഫിഷാജസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2 വമ്പൻ ക്ലബ്ബുകൾക്ക് അദ്ദേഹത്തിൽ താൽപര്യമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം, ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് എന്നിവരാണ് ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.എന്നാൽ അവർ നീക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല. റയൽ മാഡ്രിഡിന്റെ നിലപാട് കൂടി ഇവിടെ പ്രസക്തമാണ്. താരത്തെ ജനുവരിയിൽ കൈവിടാൻ അവർ തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ഇതുവരെ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ക്ലബ്ബിനകത്ത് സമ്മർദ്ദം വർദ്ധിക്കുകയാണ്.എൻഡ്രിക്കിന് കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെയാണ് ജനുവരിയിൽ ക്ലബ്ബ് വിടുന്ന കാര്യം അദ്ദേഹം പരിഗണിക്കുന്നത്. വലിയ പ്രതീക്ഷയോടുകൂടി വന്ന താരത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തത് ആരാധകരിൽ നിരാശ ഉണ്ടാക്കിയിട്ടുണ്ട്.