എൻഡ്രിക്കിന് റെഡ് കാർഡ് നൽകിയില്ല: റഫറിക്കെതിരെ ആഞ്ഞടിച്ച് എതിർ പരിശീലകൻ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അലാവസിനെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,റോഡ്രിഗോ,വാസ്ക്കസ് എന്നിവരാണ് മത്സരത്തിൽ റയലിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ അവസാനത്തിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് അലാവസ് റയൽ മാഡ്രിഡിനെ ഞെട്ടിക്കുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ 70ആം മിനിറ്റിൽ ആയിരുന്നു എൻഡ്രിക്ക് കളിക്കളത്തിലേക്ക് വന്നത്.റോഡ്രിഗോയുടെ പകരക്കാരനായി കൊണ്ടാണ് അദ്ദേഹം എത്തിയത്. എന്നാൽ 83ആം മിനിറ്റിൽ താരത്തിന് യെല്ലോ കാർഡ് വഴങ്ങേണ്ടി വന്നിരുന്നു.അലാവസ് താരമായ മൗറിനോയെ എൻഡ്രിക്ക് ഗുരുതരമായി ഫൗൾ ചെയ്യുകയായിരുന്നു. അതിന് റഫറി യെല്ലോ കാർഡാണ് നൽകിയത്. എന്നാൽ റെഡ് കാർഡ് നൽകാത്തതിൽ റഫറിക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അലാവസിന്റെ പരിശീലകനായ ഗാർഷ്യ പ്ലാസ.മത്സരശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.
“അതൊരു റെഡ് കാർഡ് ആണ്. അവസാനത്തെ 10 മിനിറ്റ് 10 താരങ്ങൾക്കെതിരെയായിരുന്നു ഞങ്ങൾ കളിക്കേണ്ടിയിരുന്നത്. അതൊരു ക്ലിയർ റെഡ് ആണ്.അല്ല എന്ന് ആർക്കും പറയാൻ സാധിക്കില്ല.റഫറി അത് കണ്ടിട്ടില്ലെങ്കിൽ അവിടെ VAR ഉണ്ടല്ലോ. ചിലപ്പോൾ അവർ അർഹിക്കുന്നതിനേക്കാൾ യെല്ലോ കാർഡുകൾ അവർക്ക് ലഭിച്ചിരുന്നേക്കാം.പക്ഷേ അതുകൊണ്ട് അത് റെഡ് കാർഡ് അല്ലാതായി മാറുന്നില്ല.എൻഡ്രിക്ക് പുറത്ത് പോവേണ്ടത് തന്നെയായിരുന്നു ” ഇതാണ് അലാവസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതേസമയം കാർലോ ആഞ്ചലോട്ടി ഇക്കാര്യത്തിൽ വ്യക്തമായ ഒരു പ്രതികരണം നടത്തിയിട്ടില്ല.താൻ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.മത്സരത്തിൽ നിരവധി റയൽ സൂപ്പർ താരങ്ങൾക്ക് യെല്ലോ കാർഡുകൾ ലഭിച്ചിരുന്നു.എന്നാൽ അത് ഫൗളിന്റെ പേരിൽ അല്ല.റഫറിയോട് തർക്കിച്ചതിന്റെ പേരിലായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കാർലോ ആഞ്ചലോട്ടി അറിയിക്കുകയും ചെയ്തിട്ടുണ്ട്.