എൻഡ്രിക്കിന്റെ പ്രസന്റെഷൻ,ഒഫീഷ്യൽ പ്രഖ്യാപനവുമായി റയൽ മാഡ്രിഡ്
ദിവസങ്ങൾക്ക് മുൻപായിരുന്നു റയൽ മാഡ്രിഡ് ഒരു ഗംഭീര പ്രസന്റേഷൻ തങ്ങളുടെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ സംഘടിപ്പിച്ചത്. ഫ്രഞ്ച് ക്യാപ്റ്റനായ കിലിയൻ എംബപ്പേയെ റയൽ മാഡ്രിഡ് സ്വന്തം കാണികൾക്ക് മുൻപിൽ അവതരിപ്പിക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പ്രസന്റേഷൻ ചടങ്ങ് റയൽ മാഡ്രിഡ് സംഘടിപ്പിക്കുന്നത്. ഏകദേശം 85,000 ത്തോളം ആരാധകർ ഇതിന് സാക്ഷിയായി എന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ മറ്റൊരു പ്രസന്റേഷൻ ചടങ്ങിന്റെ വിവരങ്ങൾ കൂടി റയൽ മാഡ്രിഡ് ഔദ്യോഗികമായി കൊണ്ട് നൽകിയിട്ടുണ്ട്. ബ്രസീലിയൻ യുവ സൂപ്പർതാരമായ എൻഡ്രിക്കിനെ റയൽ അവതരിപ്പിക്കുകയാണ്. വരുന്ന ജൂലൈ 27ാം തീയതിയാണ് കാണികൾക്ക് മുന്നിൽ ഈ താരത്തെ അവതരിപ്പിക്കുക. ഇന്ത്യൻ സമയം വൈകിട്ട് 3:30നാണ് ഈയൊരു ചടങ്ങ് കാണാൻ സാധിക്കുക.
ജൂലൈ ഇരുപത്തിയൊന്നാം തീയതിയാണ് എൻഡ്രിക്കിന് 18 വയസ്സ് പൂർത്തിയാവുക. അതിനുശേഷം എല്ലാം ഫോർമാലിറ്റികളും ക്ലബ്ബ് പൂർത്തിയാക്കും.തുടർന്നാണ് താരത്തെ അവതരിപ്പിക്കുക. പ്രസിഡന്റ് ഫ്ലോറെന്റിനോ പെരസ് ചടങ്ങിൽ പങ്കെടുക്കുമെന്ന് റയൽ മാഡ്രിഡ് അറിയിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിൽ നിന്ന് കഴിഞ്ഞ വർഷം തന്നെ ഈ താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ആകെ 60 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ക്ലബ്ബ് ചിലവഴിക്കുന്നത്.
18 കാരനായ താരം റയലിനോടൊപ്പം പ്രീ സീസണിന് വേണ്ടി അമേരിക്കയിലേക്ക് പറക്കും. ടീമിനോടൊപ്പം പെട്ടെന്ന് ഇണങ്ങിച്ചേരാൻ വേണ്ടി നേരത്തെ തന്നെ വെക്കേഷൻ അവസാനിപ്പിക്കാൻ താരം തീരുമാനിച്ചിരുന്നു. ബ്രസീലിന്റെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച് ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിഞ്ഞ താരമാണ് എൻഡ്രിക്ക്. പല ക്ലബ്ബുകളും ഈ താരത്തിനെ നോട്ടമിട്ടിരുന്നുവെങ്കിലും അദ്ദേഹം റയൽ മാഡ്രിഡിനെ തിരഞ്ഞെടുക്കുകയായിരുന്നു.