എൻഡ്രിക്കിനെ ഇന്ന് അവതരിപ്പിക്കും,ജേഴ്‌സി നമ്പർ പുറത്ത് വിട്ടു
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇതുവരെ രണ്ട് താരങ്ങളെയാണ് റയൽ മാഡ്രിഡ് കൊണ്ടുവന്നിട്ടുള്ളത്. ഒരാൾ കിലിയൻ എംബപ്പേയാണ്. അദ്ദേഹത്തെ ക്ലബ്ബ് സാന്റിയാഗോ ബെർണാബുവിൽ അവതരിപ്പിച്ച് കഴിഞ്ഞു. മറ്റൊരു താരം എൻഡ്രിക്കാണ്. കഴിഞ്ഞ വർഷം തന്നെ റയൽ മാഡ്രിഡ് എൻഡ്രിക്കിനെ സ്വന്തമാക്കിയിരുന്നു. എന്നാൽ ഈ സീസണിലാണ് അദ്ദേഹത്തിന് ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യാൻ സാധിച്ചത്.
18 വയസ്സ് പൂർത്തിയായ ഉടനെ എല്ലാ ഫോർമാലിറ്റികളും റയൽ മാഡ്രിഡ് പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് എൻഡ്രിക്കിനെ ക്ലബ്ബ് ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും.സാന്റിയാഗോ ബെർണാബുവിൽ ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 3:30നാണ് ഈയൊരു ചടങ്ങ് നടക്കുക. 6 വർഷത്തെ കരാറിലാണ് അദ്ദേഹം ക്ലബ്ബുമായി ഒപ്പു വെച്ചിട്ടുള്ളത്. 2030 വരെയാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാവുക.
താരം റയലിൽ അണിയുന്ന ജേഴ്സി ഏതാണെന്നും വ്യക്തമായിട്ടുണ്ട്. ആദ്യം താരത്തിന് ഒമ്പതാം നമ്പർ ജേഴ്സി നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ കിലിയൻ എംബപ്പേയെ ലഭിച്ചതോടെ അത് ഉപേക്ഷിച്ചിട്ടുണ്ട്.കിലിയൻ എംബപ്പേക്കാണ് ഒമ്പതാം നമ്പർ ജേഴ്സി നൽകിയിട്ടുള്ളത്. അതേസമയം പതിനാറാം നമ്പർ ജേഴ്സിയാണ് എൻഡ്രിക്ക് റയൽ മാഡ്രിഡിൽ ധരിക്കുക. പ്രമുഖ സ്പാനിഷ് മാധ്യമമായ AS ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിൽ നിന്നും വലിയ തുക നൽകി കൊണ്ടാണ് റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കാനും ഗോളുകൾ നേടാനും ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡിൽ പകരക്കാരന്റെ റോളിലായിരിക്കും എൻഡ്രിക്ക് കളിക്കുക.താരത്തിന് തിളങ്ങാനാവും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.