എളുപ്പമാവില്ല, ബുദ്ധിമുട്ടും: ഫ്ലിക്കിന് മുന്നറിയിപ്പുമായി ചാവി!
ലാലിഗയിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ വിജയം നേടാൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. രണ്ട് ഗോളുകൾക്കാണ് അവർ സെവിയ്യയെ പരാജയപ്പെടുത്തിയത്.ലെവന്റോസ്ക്കി,ലോപസ് എന്നിവരുടെ ഗോളുകളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്. ലാലിഗയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സ ഫിനിഷ് ചെയ്തിട്ടുള്ളത്. പരിശീലകൻ എന്ന നിലയിൽ ബാഴ്സക്കൊപ്പമുള്ള അവസാന മത്സരവും ഇപ്പോൾ ചാവി പൂർത്തിയാക്കി കഴിഞ്ഞു.
ഇനി ബാഴ്സയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്നത് ഹാൻസി ഫ്ലിക്കാണ്. പുതിയ പരിശീലകനെ എന്തെങ്കിലും ഉപദേശങ്ങൾ നൽകാനുണ്ടോ എന്ന് ചാവിയോട് ചോദിക്കപ്പെട്ടിരുന്നു. അദ്ദേഹം മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ബാഴ്സയിൽ കാര്യങ്ങൾ എളുപ്പമാവില്ലെന്നും വളരെയധികം ബുദ്ധിമുട്ടുമെന്നുമാണ് ചാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഇതൊരു ബുദ്ധിമുട്ടേറിയ സാഹചര്യമാണെന്ന് അവർ മനസ്സിലാക്കേണ്ടതുണ്ട്. ബാഴ്സലോണ ബുദ്ധിമുട്ടുള്ള ഒരു ക്ലബ്ബാണ്. കൂടാതെ ഇവിടുത്തെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാവുന്നതുമാണല്ലോ. ലാലിഗയുടെ നിയമങ്ങളും തടസ്സമാണ്.പുതിയ പരിശീലകന് ഇവിടെ കാര്യങ്ങൾ എളുപ്പമാവില്ല. അവർ തീർച്ചയായും ബുദ്ധിമുട്ടും. ക്ഷമ വളരെയധികം ആവശ്യമാണ്. വിജയങ്ങൾക്ക് മാത്രമാണ് പരിശീലകനെ രക്ഷിക്കാൻ സാധിക്കുക. ബാഴ്സലോണയുടെ ഏറ്റവും മികച്ച കാലഘട്ടത്തിന്റെ ഭാഗമായ ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ അതൊക്കെ എനിക്ക് എതിരാവുകയാണ് ചെയ്തിട്ടുള്ളത് ” ഇതാണ് ചാവി പറഞ്ഞിട്ടുള്ളത്.
അതായത് റിസൾട്ട് ഇല്ലെങ്കിൽ ആരായാലും ബാഴ്സലോണയിൽ നിന്ന് പുറത്താകും എന്നാണ് ചാവി വ്യക്തമാക്കിയിട്ടുള്ളത്. വലിയ ടീമുകളെ പരിശീലിപ്പിച്ച് പരിചയമുള്ള വ്യക്തിയാണ് ഫ്ലിക്ക്. ബാഴ്സലോണയുടെ പരിശീലകനാവാൻ ആഗ്രഹിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മുന്നിൽ ഒരു വലിയ കടമ്പ തന്നെയാണ് ഉള്ളത്.