എന്റെ ഭാവി എന്റെ കൈകളില്ലല്ല, അക്കാര്യത്തെ ആശ്രയിച്ചാണ് : കൂമാൻ!

നിലവിൽ മികച്ച രീതിയിലുള്ള പ്രകടനമാണ് എഫ്സി ബാഴ്സലോണ നടത്തികൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ പരാജയമേറ്റുവാങ്ങിയെങ്കിലും കോപ്പ ഡെൽ റേയുടെ ഫൈനലിലേക്കെത്താൻ ബാഴ്സക്ക് സാധിച്ചിരുന്നു. മാത്രമല്ല ലാലിഗയിൽ ഇപ്പോൾ രണ്ടാം സ്ഥാനത്തുമാണ് ബാഴ്സ. ഏതായാലും ബാഴ്‌സക്കൊരു പുതിയ പ്രസിഡന്റ്‌ ഉടൻ തന്നെയുണ്ടാവും. പുതിയ പ്രസിഡന്റ്‌ വരുന്നതോട് കൂടി തന്റെ ഭാവി അനിശ്ചിതത്വത്തിലാവുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് എഫ്സി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. ബാഴ്സയിലെ തന്റെ ഭാവി തന്റെ കൈകളിൽ അല്ലെന്നും അത്‌ പുതുതായി വരുന്ന പ്രസിഡന്റിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നുമാണ് കൂമാൻ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത്.എന്നാൽ പ്രസിഡന്റ്‌ ആയി ആര് വന്നാലും തനിക്ക് കുഴപ്പമില്ലെന്നും മത്സരങ്ങൾ വിജയിക്കുക എന്നുള്ളത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും കൂമാൻ കൂട്ടിച്ചേർത്തു.

“ഇവിടെ തുടരാൻ ആവിശ്യമായ കാര്യങ്ങൾ ഞാൻ ചെയ്തുവോ എന്നുള്ളത് എനിക്കറിയില്ല.എനിക്കറിയാവുന്ന കാര്യം എനിക്ക് ഒരു വർഷം കൂടി ഇവിടെ കരാറുണ്ട് എന്നുള്ളതാണ്.രണ്ടോ മൂന്നോ ദിവസങ്ങൾക്കകം നമുക്ക് പുതിയൊരു പ്രസിഡന്റ്‌ വരും. അതിന് ശേഷം ഞങ്ങൾ സംസാരിക്കും. ഇപ്പോൾ ഞാൻ നിർബന്ധമായും ശ്രദ്ദിക്കേണ്ടത് വരാനുള്ള മത്സരങ്ങളിലാണ്. അതാണ് എല്ലാവർക്കും നല്ലത്.കോപ്പ കിരീടം നേടുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ ഭാവിയൊന്നും എന്റെ കൈകളിൽ അല്ല.തീർച്ചയായും തിരഞ്ഞെടുപ്പും പ്രസിഡന്റുമൊക്കെ വളരെ പ്രധാനപ്പെട്ട കാര്യമാണ്.ടീമിന്റെ ഭാവിക്ക് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ് അത്‌.മൂന്ന് പേരും നല്ല ക്യാമ്പയിനാണ് നടത്തിയത്. എനിക്ക് മുൻഗണനകളൊന്നുമില്ല. ആര് പ്രസിഡന്റ്‌ ആയി വന്നാലും കുഴപ്പമില്ല.വ്യക്തിപരമായി എനിക്ക് ആരോടും ബന്ധമില്ല ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *