എന്റെ പുകവലിയിൽ ആരും തലയിടേണ്ട കാര്യമില്ല: നിലപാട് വ്യക്തമാക്കി ബാഴ്സ ഗോൾകീപ്പർ!
ബാഴ്സലോണയുടെ ഗോൾ കീപ്പറായ ടെർ സ്റ്റീഗന് ഈയിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.ഈ സീസണിൽ ഇനി താരത്തിന് കളിക്കാൻ കഴിയില്ല എന്ന് ഉറപ്പായിട്ടുണ്ട്. പകരം പോളിഷ് ഗോൾകീപ്പറായ ഷെസ്നിയെ ബാഴ്സലോണ സൈൻ ചെയ്തിട്ടുണ്ട്. വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചുകൊണ്ടാണ് ഷെസ്നി ബാഴ്സയിലേക്ക് എത്തിയിട്ടുള്ളത്.ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അദ്ദേഹം ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ പുകവലിക്കുന്ന സ്വഭാവമുള്ള ഒരു വ്യക്തിയാണ് ഷെസ്നി. ചില സമയത്ത് പൊതു ഇടങ്ങളിൽ പോലും അദ്ദേഹം പുകവലിക്കാറുണ്ട്. ഇത് പല ആരാധകർക്കിടയിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്നാൽ തന്റെ പുകവലി തന്റെ സ്വകാര്യതയാണെന്നും അതിൽ ആരും തലയിടേണ്ട കാര്യമില്ല എന്നുമാണ് ഇതിനോട് ഷെസ്നി പ്രതികരിച്ചിട്ടുള്ളത്. എന്റെ സ്വഭാവം മാറ്റാമെന്ന് ആരും കരുതേണ്ടതില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഷെസ്നിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” എന്റെ വ്യക്തിപരമായ ജീവിതത്തിൽ ഞാൻ മാറ്റം വരുത്താൻ ഉദ്ദേശിക്കാത്ത ചില കാര്യങ്ങളുണ്ട്.എന്റെ പുകവലിയിൽ നിങ്ങളാരും ഇടപെടേണ്ട കാര്യമില്ല. കളിക്കളത്തിൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ അത് ഒരിക്കലും ബാധിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ കഠിനമായി വർക്ക് ചെയ്യുന്ന ഒരു വ്യക്തിയാണ്.കുട്ടികൾക്ക് മുന്നിൽ വെച്ചുകൊണ്ട് ഞാൻ പുകവലിക്കാറില്ല. അവരെ മോശം രീതിയിൽ ഇൻഫ്ലുവൻസ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ മരത്തിന്റെ ചുവട്ടിൽ നിന്നും പുകവലിക്കുന്നതിന്റെ ചിത്രങ്ങൾ ചിലർ പകർത്തി എന്ന് കരുതുക,അത് എന്റെ പ്രശ്നമല്ല, ആ ചിത്രങ്ങൾ എടുത്തവരുടെ പ്രശ്നമാണ്. ഞാൻ എന്റെ വ്യക്തിഗത ജീവിതം മാറ്റും എന്ന് കരുതിയവർക്ക് തെറ്റി.ഞാൻ ഇങ്ങനെയാണ്. ഇങ്ങനെ തന്നെയാണ് മുന്നോട്ടുപോവുക ” ഇതാണ് ബാഴ്സയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
യുവന്റസിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള താരമാണ് ഷെസ്നി. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ബാഴ്സലോണക്ക് ഏറെ ഉപയോഗപ്പെടുന്ന ഒന്ന് തന്നെയായിരിക്കും. ഇനി ഒക്ടോബർ 21ആം തീയതി സെവിയ്യക്കെതിരെയാണ് ബാഴ്സലോണ അടുത്ത മത്സരം കളിക്കുക.ആ മത്സരത്തിൽ ഈ ഗോൾകീപ്പർ അരങ്ങേറുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ട കാര്യം.