എന്റെ ചെക്കൻ,ഏറ്റവും മികച്ച സ്ട്രൈക്കർ :ബെൻസിമയെ കുറിച്ച് ഓസിൽ.
ഇന്നലെ കോപ ഡെൽ റേയിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ അവരുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ കരിം ബെൻസിമയും വിനീഷ്യസ് ജൂനിയറുമാണ് റയലിനു വേണ്ടി തിളങ്ങിയത്. ഇതോടെ ബാഴ്സ കോപ ഡെൽ റേയിൽ നിന്ന് പുറത്താവുകയും ചെയ്തു.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബെൻസിമ തന്റെ സംഹാരതാണ്ഡവം ആരംഭിച്ചത്. മൂന്ന് ഗോളുകളും അദ്ദേഹം രണ്ടാം പകുതിയിലാണ് നേടിയിട്ടുള്ളത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇപ്പോൾ ബെൻസിമ ഹാട്രിക്ക് കരസ്ഥമാക്കിയിട്ടുള്ളത്. കഴിഞ്ഞ റയൽ വല്ലഡോലിഡിനെതിരെയുള്ള മത്സരത്തിലും ബെൻസിമ ഹാട്രിക്ക് നേടിയിരുന്നു. ആ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബെൻസിമ ഹാട്രിക്ക് കരസ്ഥമാക്കിയിരുന്നു.
ഏതായാലും ഇന്നലെ ബാഴ്സയെ തകർത്ത ബെൻസിമയെ പ്രകീർത്തിച്ചുകൊണ്ട് മുൻ റയൽ മാഡ്രിഡ് താരമായിരുന്ന മെസ്യൂട്ട് ഓസിൽ രംഗത്ത് വന്നിട്ടുണ്ട്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച നമ്പർ നയൻ സ്ട്രൈക്കർ എന്നാണ് ഓസിൽ ബെൻസിമയെ വിശേഷിപ്പിച്ചിട്ടുള്ളത്. മുമ്പ് റയലിൽ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് ഇവർ, മാത്രമല്ല രണ്ടുപേരും വലിയ സുഹൃത്തുക്കളുമാണ്.ഓസിലിന്റെ ട്വീറ്റ് ഇങ്ങനെയാണ്.
THE KING 👑👑👑 My Boy Benzi! The best No 9 of our generation 🔥🐐 #HalaMadrid @Benzema @realmadrid
— Mesut Özil (@M10) April 5, 2023
“അവൻ രാജാവാണ്..മൈ ബോയ് ബെൻസി.. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച നമ്പർ നയൻ സ്ട്രൈക്കറാണ് അവൻ.ഹാല മാഡ്രിഡ് ” ഇതായിരുന്നു ഓസിൽ ട്വീറ്റ് ചെയ്തിരുന്നത്.
ഈയിടെയായിരുന്നു ഓസിൽ ഫുട്ബോളിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. അതേസമയം ബെൻസിമ ഇപ്പോഴും തകർപ്പൻ പ്രകടനം തുടരുകയാണ്. അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ വിയ്യാറയലാണ്.