എന്ത് കൊണ്ട് ഗ്രീസ്‌മാന്‌ ബാഴ്സയിൽ തിളങ്ങാൻ കഴിഞ്ഞില്ല, കാരണം വെളിപ്പെടുത്തി കൂമാൻ !

കഴിഞ്ഞ സമ്മർ ട്രാൻഫറിൽ എഫ്സി ബാഴ്സലോണ ഏറെ പ്രതീക്ഷകളോടെ ക്ലബിൽ എത്തിച്ച താരമാണ് അന്റോയിൻ ഗ്രീസ്‌മാൻ. എന്നാൽ താരത്തിന് പ്രതീക്ഷിച്ച പോലെ ബാഴ്സയിൽ തിളങ്ങാനായില്ല. പതിനഞ്ച് ഗോളുകൾ മാത്രമാണ് താരത്തിന് ബാഴ്‌സക്ക് വേണ്ടി നേടാനായത്. ഏണസ്റ്റോ വാൽവെർദെക്ക് കീഴിലും കീക്കെ സെറ്റിയന് കീഴിലും താരത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിന് കാരണം കണ്ടെത്തിയിരിക്കുകയാണിപ്പോൾ ബാഴ്സയുടെ പുതിയ പരിശീലകൻ ആയ റൊണാൾഡ്‌ കൂമാൻ. ഇരുപരിശീലകരും താരത്തെ വിങ്ങറായാണ് പരീക്ഷിച്ചത്. എന്നാൽ വിങ്ങർ റോളിൽ കളിപ്പിച്ചാൽ താരത്തിന് നല്ല പ്രകടനം കാഴ്ച്ചവെക്കാൻ കഴിയില്ലെന്നും താരത്തിന്റെ യഥാർത്ഥ പൊസിഷൻ ആയ സെന്റർ സ്‌ട്രൈക്കർ റോളിൽ കളിപ്പിച്ചാൽ മാത്രമേ താരത്തിന്റെ യഥാർത്ഥ പ്രകടനം പുറത്ത് വരികയൊള്ളൂ എന്നുമാണ് കൂമാൻ അറിയിച്ചത്. പുതുതായി NOS വോട്ട്ബോളിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഗ്രീസ്‌മാനെ കുറിച്ച് സംസാരിച്ചത്.

“എല്ലാ ബഹുമാനത്തോട് കൂടിയും ഞാൻ പറയട്ടെ, ഗ്രീസ്‌മാൻ ഒരു വിങ്ങർ അല്ല. അദ്ദേഹം ജീവിതകാലം മുഴുവനും എവിടെയാണോ കളിച്ചത്, തന്റെ ക്വാളിറ്റി മുഴുവൻ ഏത് പൊസിഷനിൽ ആണോ തെളിയിച്ചത്, ആ പൊസിഷനിൽ തന്നെ അദ്ദേഹത്തെ കളിപ്പിക്കണം.ഒരു താരത്തിൽ നിന്നും അദ്ദേഹത്തിന്റെ മാക്സിമം പ്രകടനം പുറത്തെടുക്കാൻ ആ താരത്തെ ഏത് പൊസിഷനിൽ കളിപ്പിക്കണം എന്നുള്ളത് ഓരോ പരിശീലകനും അറിഞ്ഞിരിക്കണം. അപ്പോൾ അവരെ യഥാർത്ഥ പൊസിഷനിൽ കളിപ്പിക്കാൻ നമ്മളെ കൊണ്ടാവും. മുൻപ് ഡിജോങിന്റെ കാര്യത്തിലും സംഭവിച്ചിരുന്നു. അയാക്സിലും ഹോളണ്ടിലും താരം കളിച്ച റോളിൽ അല്ല പിന്നെ താരം ബാഴ്സയിൽ കളിച്ചത്. അത് മാറണം. നിങ്ങൾ ഒരു താരത്തെ അത്രയും ക്യാഷ് മുടക്കി ടീമിൽ എത്തിച്ചിട്ട് കാര്യമില്ല, അവരുടെ പൊസിഷൻ കൂടി അവർക്ക് നൽകണം ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *