എന്ത്കൊണ്ടാണ് ബാഴ്സയെ തിരഞ്ഞെടുത്തത്? ജൂലെസ് കൂണ്ടെ പറയുന്നു!

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പ്രതിരോധനിര സൂപ്പർതാരമായ ജൂലെസ് കൂണ്ടെ എഫ്സി ബാഴ്സലോണയിൽ എത്തിയത്. താരത്തിന് വേണ്ടി വലിയൊരു തുകയാണ് ബാഴ്സ സെവിയ്യക്ക് നൽകിയിട്ടുള്ളത്. മാത്രമല്ല ചെൽസി ഉൾപ്പെടെയുള്ള നിരവധി ക്ലബ്ബുകൾ കൂണ്ടെക്ക് വേണ്ടി സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരം തന്നെയാണ് ബാഴ്സയെ തിരഞ്ഞെടുത്തത്.

എന്തുകൊണ്ടാണ് ബാഴ്സയെ തിരഞ്ഞെടുത്തത് എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം കൂണ്ടെയുടെ പക്കലുണ്ട്. ബാഴ്സയിൽ സാവി നടത്തുന്ന പുതിയ തരംഗത്തിന്റെ ഭാഗമാവാനും കിരീടങ്ങൾ നേടാനുമാണ് താൻ ബാഴ്സയിൽ എത്തിയത് എന്നാണ് കൂണ്ടെ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂണ്ടെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യമായി ഞാൻ എത്തിയിരിക്കുന്നത് ഒരു വലിയ ക്ലബ്ബിലേക്ക് ആണ്. ഒരുപാട് നല്ല സമയങ്ങൾ ഉണ്ടായിരുന്ന ഒരു ക്ലബ്ബ്. എന്നാൽ സമീപകാലത്ത് ഒരല്പം പിറകിലാണ്. പുനർ നിർമ്മാണം എന്ന് വിളിക്കാവുന്ന ഒരു പ്രോജക്ടിലേക്ക് അല്ല ഞാൻ എത്തിയിരിക്കുന്നത്. മറിച്ച് ഇതിനോടകം തന്നെ ഞങ്ങൾ ഒരു കോമ്പിറ്റീറ്റീവ് ടീമാണ്. ഞങ്ങൾക്ക് ഒരു തിരിച്ചുവരവ് മാത്രമാണ് ആവശ്യമുള്ളത്.സാവിയുടെ ഈ പുതിയ തരംഗത്തിന്റെ ഭാഗമാവാൻ വേണ്ടിയാണ് ഞാനിവിടെ എത്തിച്ചേർന്നിട്ടുള്ളത്.കിരീടങ്ങൾ നേടണം, ബാഴ്സ എവിടെയായിരുന്നുവോ അവിടേക്ക് തന്നെ തിരിച്ചെത്തിക്കണം, അതിന് വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബായിരുന്നു ബാഴ്സ. ഞാൻ സാവിയുമായി സംസാരിച്ചിരുന്നു.അത് എന്റെ കോൺഫിഡൻസ് വർധിക്കാൻ കാരണമായി. എന്നെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ടായിരുന്നു ” ഇതാണ് കൂണ്ടെ പറഞ്ഞിട്ടുള്ളത്.

ഈ ലാലിഗയിൽ മൂന്ന് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ഈ ഡിഫൻഡർ 2 അസിസ്റ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള ബാഴ്സ നിലവിൽ രണ്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *