എന്തുകൊണ്ട് വമ്പൻ തോൽവി ഏറ്റുവാങ്ങി? ഹാൻസി ഫ്ലിക്ക് വിശദീകരിക്കുന്നു!
ഇന്നലെ ജോയൻ ഗാമ്പർ ട്രോഫിയിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയും മൊണാക്കോയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.സ്വന്തം മൈതാനത്ത് ഒരു വലിയ തോൽവിയാണ് ബാഴ്സലോണക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മൊണാക്കോ ബാഴ്സയെ പരാജയപ്പെടുത്തിയത്.കമാറ,എമ്പോളോ,മാവിസ എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോടെ വലിയ ഒരു ഇടവേളക്കുശേഷം ജോയൻ ഗാമ്പർ ട്രോഫി ബാഴ്സലോണക്ക് നഷ്ടമായി കഴിഞ്ഞു.
പ്രീ സീസണിൽ മികച്ച രൂപത്തിൽ കളിച്ച ബാഴ്സയെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതാണ് ഈ തോൽവി. അവരുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് ഈ തോൽവിയെ വിലയിരുത്തിയിട്ടുണ്ട്.പ്രകടനം മോശമായിരുന്നു എന്നുള്ള കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.എന്നാൽ വലൻസിയക്കെതിരെയുള്ള ആദ്യ ലീഗ് മത്സരത്തിൽ ടീം ഡിഫറെന്റ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ബാഴ്സ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഇത് ഒരിക്കലും നല്ല മത്സരമായിരുന്നില്ല.അമേരിക്കൻ ടൂറിൽ ഞങ്ങൾ നല്ല രീതിയിൽ ആയിരുന്നു കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഈ മത്സരത്തിൽ ഒരുപാട് തെറ്റുകൾ സംഭവിച്ചു. പക്ഷേ വലൻസിയക്കെതിരെയുള്ള മത്സരത്തിൽ ഞങ്ങൾ ഒരു വ്യത്യസ്ത ടീമായിരിക്കും. ഞങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ കൺട്രോളിന്റെ അഭാവമുണ്ടായിരുന്നു, കോൺഫിഡൻസും സ്പീഡും പാസിംഗ് അക്കുറസിയുമൊക്കെ കുറവായിരുന്നു.രണ്ടാം പകുതിയിലും ഞങ്ങളുടെ തെറ്റുകൾ തിരുത്താൻ ഞങ്ങൾക്ക് സാധിച്ചില്ല ” ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ തോൽവി ബാഴ്സക്ക് വളരെയധികം നിരാശ നൽകുന്ന കാര്യമാണ്.ഇനി ഓഗസ്റ്റ് പതിനേഴാം തീയതി അർദ്ധരാത്രി ഇന്ത്യൻ സമയം ഒരു മണിക്കാണ് ലീഗിലെ ആദ്യ മത്സരം ബാഴ്സ കളിക്കുക. എതിരാളികൾ വലൻസിയയാണ്.വലൻസിയയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.