എന്തുകൊണ്ട് എംബപ്പേയുടേയും വിനിയുടെയും പൊസിഷനുകൾ മാറ്റി? ആഞ്ചലോട്ടി പറയുന്നു
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെഗാനസിനെ റയൽ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയിട്ടുള്ളത്.എംബപ്പേ,ഫെഡെ വാൽവെർദെ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ വിനീഷ്യസും ആർദ ഗുലറുമൊക്കെ മികച്ച പ്രകടനം നടത്തിയിരുന്നു.
പൊസിഷനുകളിൽ മാറ്റം വരുത്തിക്കൊണ്ടായിരുന്നു ഈ മത്സരത്തിൽ ആഞ്ചലോട്ടി ടീമിനെ ഇറക്കിയിരുന്നത്. അതായത് ഇടതുവിങ്ങിൽ എംബപ്പേ കളിക്കുകയായിരുന്നു. സെന്റർ സ്ട്രൈക്കർ റോളിൽ വിനീഷ്യസും അദ്ദേഹത്തിന്റെ തൊട്ടു പിറകിൽ ബെല്ലിങ്ങ്ഹാമും അണിനിരന്നു. വലത് വിങ്ങിലായിരുന്നു ഗുലറുടെ സ്ഥാനം.ഈ പൊസിഷൻ മാറ്റിയതിനെ കുറിച്ച് പരിശീലകനായ ആഞ്ചലോട്ടി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
” സ്ട്രൈക്കർമാരുടെ പൊസിഷനുകളിൽ ഞങ്ങൾ മാറ്റം വരുത്തുകയായിരുന്നു.എംബപ്പേയെ ഔട്ട് വൈഡിലേക്ക് മാറ്റി,അദ്ദേഹം മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്.വിനീഷ്യസ് സെന്ററിലും മികച്ച പ്രകടനം നടത്തി. മത്സരം നല്ല രൂപത്തിൽ തന്നെയാണ് ടീം നിയന്ത്രിച്ചിട്ടുള്ളത്. കഴിഞ്ഞ ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ തന്നെ ശുഭ സൂചനകൾ ലഭിച്ചിരുന്നു.ഇന്നത്തെ മത്സരത്തിലൂടെ ഞങ്ങൾ അത് സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ വിനീഷ്യസും എംബപ്പേയും ഏറെ ഇംപ്രൂവ് ആവുന്നുണ്ട് ” ഇതാണ് കാർലോ ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
നിലവിൽ ബാഴ്സയയേക്കാൾ ഒരു മത്സരം കുറച്ച് കളിച്ച റയൽ മാഡ്രിഡ് 4 പോയിന്റാണ് പിറകിലുള്ളത്. ഇനി വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ് റയൽ മാഡ്രിഡിനെ കാത്തിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയലും ലിവർപൂളും തമ്മിലാണ് ഏറ്റുമുട്ടുക.വരുന്ന ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക.