എന്തുകൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി വിട്ടത്? ഹൂലിയൻ വ്യക്തമാക്കുന്നു!
അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും വലിയ ഒരു തുക നൽകി കൊണ്ടാണ് അദ്ദേഹത്തെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ 95 മില്യൺ യൂറോ അവർ മുടക്കി കഴിഞ്ഞു. അഞ്ചുവർഷത്തെ കരാറിലാണ് ഇപ്പോൾ ഹൂലിയൻ ഒപ്പ് വെച്ചിട്ടുള്ളത്. തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണ് ഇതുവഴി മാഞ്ചസ്റ്റർ സിറ്റി നടത്തിയിട്ടുള്ളത്.
എന്തുകൊണ്ടാണ് ഹൂലിയൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്? ഇതിനുള്ള വിശദീകരണം താരം തന്നെ ഇപ്പോൾ നൽകിയിട്ടുണ്ട്. അതായത് ഒരു പുതിയ ചലഞ്ച് തനിക്ക് ആവശ്യമായി തോന്നിയെന്നും അതുകൊണ്ടാണ് ക്ലബ്ബ് മാറാൻ തീരുമാനിച്ചത് എന്നുമാണ് ഹൂലിയൻ നൽകുന്ന വിശദീകരണം. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി എന്നും ഈ താരം പറഞ്ഞിട്ടുണ്ട്.ഹൂലിയന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്റെ കരിയറിൽ പുതിയ ഒരു ചാലഞ്ചിന് സമയമായി എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ ക്ലബ്ബ് വിട്ടത്.ഈ ക്ലബ്ബ് എനിക്ക് അനുയോജ്യമാകും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ ക്ലബ്ബ് എന്നെ സഹായിക്കും. ടീമിനെ സഹായിക്കാൻ വേണ്ടിയും എല്ലാം കിരീടങ്ങൾക്കും വേണ്ടി പോരാടാനുമാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ എനിക്ക് സാധിച്ചു. അവിടെ ചിലവഴിക്കാൻ കഴിഞ്ഞ രണ്ട് വർഷക്കാലത്തിന് ഞാൻ നന്ദിയുള്ളവനാണ്. ലോകത്തെ ഏറ്റവും മികച്ച പരിശീലകരാണ് പെപ്പും സിമയോണിയും.എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനും വളരാനും ഉണ്ട് ” ഇതാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്.
ലാലിഗയിലെ ആദ്യ മത്സരം അത്ലട്ടിക്കോ മാഡ്രിഡ് വിയ്യാറയലിനെതിരെയാണ് കളിക്കുക.വരുന്ന തിങ്കളാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം ഒരു മണിക്കാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ ആൽവരസ് അരങ്ങേറുമോ എന്നുള്ളത് വ്യക്തമല്ല. നിലവിൽ ശക്തമായ ഒരു നിര തന്നെ ഡിയഗോ സിമയോണിക്ക് ഇപ്പോൾ തന്റെ ക്ലബ്ബിൽ ലഭ്യമാണ്.