എനിക്ക് ഏറ്റവും കൂടുതൽ മെസ്സേജ് അയച്ചത് ഗ്രീസ്മാൻ :തുറന്ന് പറഞ്ഞ് ഹൂലിയൻ!
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർതാരമായിരുന്ന ഹൂലിയൻ ആൽവരസ് ഇന്നിപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ്. ഒരു റെക്കോർഡ് ട്രാൻസ്ഫറാണ് നടന്നിട്ടുള്ളത്. ആകെ 95 മില്യൺ യൂറോയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ട്രാൻസ്ഫർ തുകയായി കൊണ്ട് ലഭിച്ചിട്ടുള്ളത്.ഹൂലിയൻ ആൽവരസ് കൂടി എത്തിയതോടെ അത്ലറ്റിക്കോ ഒരു മിനി അർജന്റീനയായി മാറിയിട്ടുണ്ട്. പരിശീലകനടക്കം 6 അർജന്റീനക്കാരാണ് അത്ലറ്റിക്കോ മാഡ്രിഡിൽ ഉള്ളത്.
ഹൂലിയനെ അത്ലറ്റിക്കോയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഈ അർജന്റീന താരങ്ങളാണ് എന്നത് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാൻ ഇതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ മെസ്സേജ് അയച്ച വ്യക്തികളിൽ ഒരാൾ ഗ്രീസ്മാനാണ് എന്നുള്ള കാര്യം ആൽവരസ് തന്നെയാണ് തുറന്നു പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഗ്രീസ്മാനും ജൂലിയാനോ സിമയോണിയുമാണ് എനിക്ക് ഏറ്റവും കൂടുതൽ മെസ്സേജുകൾ അയച്ചത്.ഒട്ടുമിക്ക ദിവസങ്ങളിലും അവർ മെസ്സേജുകൾ അയക്കുമായിരുന്നു. അതുപോലെതന്നെ ഡി പോളും മൊളീനയും ഇതേക്കുറിച്ച് എന്നോട് സംസാരിക്കുമായിരുന്നു.ഒരു ഫുട്ബോളർ എന്ന നിലയിൽ എന്റെ ഏറ്റവും മികച്ച വേർഷൻ കണ്ടെത്താൻ വേണ്ടി ഞാൻ പരമാവധി ശ്രമിക്കും.അത്ലറ്റിക്കോയെ ഏറ്റവും മുകളിൽ എത്തിക്കാനും കിരീടങ്ങൾ നേടിക്കൊടുക്കാനും ഞാൻ ശ്രമിക്കും.സിമയോണിയെ കുടുംബത്തിലെ എല്ലാവരോടും ഒപ്പം എനിക്ക് ചിലവഴിക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. റിവർ പ്ലേറ്റിന്റെ റിസർവ് ടീമിൽ ജിയാൻലൂക്ക സിമയോണിയോടൊപ്പം ഞാൻ ഉണ്ടായിരുന്നു. അർജന്റീന ദേശീയ ടീമിൽ ജിയോവാനി സിമയോണിയോടൊപ്പം ഞാൻ ചിലവഴിച്ചിട്ടുണ്ട്. ഒളിമ്പിക് ടീമിൽ എന്നോടൊപ്പം ജൂലിയാനോ സിമയോണി ഉണ്ടായിരുന്നു. ഇപ്പോൾ ഇവിടെ പരിശീലകനായി കൊണ്ട് ഡിയഗോ സിമയോണിക്കൊപ്പം ഞാൻ എത്തിക്കഴിഞ്ഞു “ഇതാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്.
ഓഗസ്റ്റ് 19 ആം തീയതിയാണ് സ്പാനിഷ് ലീഗിലെ ആദ്യ മത്സരം അത്ലറ്റിക്കോ മാഡ്രിഡ് കളിക്കുന്നത്.എതിരാളികൾ വിയ്യാറയലാണ്.ഈ മത്സരത്തിൽ ആൽവരസ് അരങ്ങേറുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.നിലവിൽ ഒരുപാട് സൂപ്പർ താരങ്ങളെ ഇവർ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്ലറ്റിക്കോ മാഡ്രിഡിന് ഇപ്പോൾ പലരും വലിയ സാധ്യതകളാണ് കൽപ്പിക്കപ്പെടുന്നത്.