എംബപ്പേ 99% ഓക്കേ,ഹാലന്റ് സങ്കീർണ്ണം: റയലിനോട് ലാലിഗ പ്രസിഡന്റ്‌

അടുത്ത സീസണിലേക്ക് ടീമിന്റെ ശക്തി ഇനിയും വർദ്ധിപ്പിക്കാനുള്ള ഒരുക്കങ്ങൾക്ക് റയൽ മാഡ്രിഡ് നേരത്തെ തുടക്കം കുറിച്ചിരുന്നു.എൻഡ്രിക്ക് അടുത്ത സീസണിലാണ് ടീമിനോടൊപ്പം ജോയിൻ ചെയ്യുക. സൂപ്പർ താരം കിലിയൻ എംബപ്പേക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഫലം കണ്ടിട്ടുണ്ട്. അടുത്ത സമ്മറിൽ അദ്ദേഹവും ജോയിൻ ചെയ്യും. കൂടാതെ അൽഫോൻസോ ഡേവിസിനെ കൂടി എത്തിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ റയൽ മാഡ്രിഡ് ഉള്ളത്.

ഇതിനൊക്കെ പുറമേ ഹാലന്റിനെ സ്വന്തമാക്കാനും റയൽ മാഡ്രിഡിന് താല്പര്യമുണ്ട്.ഗലാക്റ്റിക്കോസ് ടീമിനെ നിർമ്മിക്കുക എന്നത് തന്നെയാണ് റയലിന്റെ ലക്ഷ്യം. ഇതേക്കുറിച്ച് ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസ് തന്റെ പ്രതികരണം നടത്തിയിട്ടുണ്ട്. അതായത് എംബപ്പേ 99% റയലിൽ എത്തികഴിഞ്ഞുവെന്നും എന്നാൽ ഹാലന്റിനെ സ്വന്തമാക്കുക എന്നത് സങ്കീർണ്ണമായിരിക്കുമെന്നുമാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടെ കോമ്പറ്റീഷനിൽ ഏറ്റവും മികച്ച താരങ്ങളെ കാണാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ.എംബപ്പേ അടുത്ത സീസണിൽ 99.99% റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ തന്നെയാണ് സാധ്യത. പക്ഷേ ഹാലന്റിന്റെ കാര്യം വളരെ സങ്കീർണ്ണമാണ്. അദ്ദേഹം കുറച്ചുകാലം മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ കാണും. പിന്നീടായിരിക്കും അദ്ദേഹം ക്ലബ്ബ് വിടുന്നത് പരിഗണിക്കുക ” ഇതാണ് ലാലിഗ പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.

സമീപകാലത്ത് ഒരുപാട് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള ടീമാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ സമ്മറിൽ ടീമിലേക്ക് എത്തിച്ച ജൂഡ് ബെല്ലിങ്ങ്ഹാം മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദത്തിൽ റയലിന് സിറ്റിയോട് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇനി രണ്ടാം പാദത്തിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *