എംബപ്പേ റയലിൽ എത്തുമോ? പെരസ് പറയുന്നു!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഭാവിയെ പറ്റി നിരവധി റൂമറുകൾ ഇപ്പോൾ സജീവമാണ്. എംബപ്പേ പിഎസ്ജി വിടാൻ അനുമതി തേടി എന്നായിരുന്നു ഏറ്റവുമൊടുവിൽ ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തത്. എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കാൻ സാധ്യതയില്ലെന്നും താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറിയേക്കുമെന്നും പല മാധ്യമങ്ങളും വ്യാഖ്യാനിക്കുന്നുണ്ട്. ഏതായാലും എംബപ്പേയെ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന ക്ലബ് റയൽ ആണെന്നുള്ളത് പരസ്യമായ കാര്യമാണ്. ഇപ്പോഴിതാ എംബപ്പേയെ റയൽ ടീമിലെത്തിക്കുമോ എന്നുള്ള കാര്യത്തിൽ അഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ് റയൽ പ്രസിഡന്റ്‌ ഫ്ലോറന്റിന പെരസ്.എംബപ്പേ റയൽ താരം അല്ലാത്തതിനാൽ അദ്ദേഹത്തെ കുറിച്ച് തനിക്ക് സംസാരിക്കാനാവില്ലെന്നും എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ ഞാൻ റയലിൽ എത്തിക്കുമെന്ന് ആരാധകർക്ക് അറിയാമെന്നുമാണ് പെരസ് പറഞ്ഞത്. ഗോൾ ഡോട്ട് കോമാണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” കിലിയൻ എംബപ്പേ റയലിന്റെ താരമല്ല. അത്കൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ കഴിയില്ല.റയലിന്റെ ആരാധകർക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാം.ഞങ്ങൾ റീബിൽഡ് ചെയ്യുകയാണ്.ഞാൻ ആരാണെന്ന് നിങ്ങൾക്ക് എല്ലാവർക്കുമറിയാം.ആളുകൾ എന്നെ വിശ്വസിക്കുന്നുണ്ട്, കാരണം എനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് അവർക്കറിയാം.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ ഞാൻ റയലിലേക്ക് കൊണ്ടുവരുമെന്നുള്ളത് അവർക്ക് തന്നെ അറിയാവുന്ന കാര്യമാണ് ” പെരസ് പറഞ്ഞു.അടുത്ത സമ്മറിലാണ് എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. കരാർ പുതുക്കാൻ പിഎസ്ജി ശ്രമിക്കുന്നുണ്ടെങ്കിലും എംബപ്പേ വഴങ്ങുന്ന ലക്ഷണമില്ല.

Leave a Reply

Your email address will not be published. Required fields are marked *