എംബപ്പേ റയലിലേക്കോ?പുതിയ സൂചനകളുമായി ബെൻസിമ!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ഉടൻതന്നെ തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനമെടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ ആരാധകരുള്ളത്.ഈ സീസണോട് കൂടിയാണ് എംബപ്പേ കരാർ അവസാനിച്ചു കൊണ്ട് ഫ്രീ ഏജന്റാവുക.താരം കരാർ പുതുക്കിക്കൊണ്ട് പിഎസ്ജിയിൽ തുടരുമോ അതല്ലെങ്കിൽ റയലിലേക്ക് ചേക്കേറുമോ എന്നുള്ളതാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചോദ്യം.ആ തീരുമാനം അറിയാൻ വേണ്ടിയുള്ള കാത്തിരിപ്പിൽ തന്നെയാണ് പിഎസ്ജിയും റയലുമുള്ളത്.
എന്നാൽ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ ബെൻസിമ എംബപ്പേയുടെ ഉറ്റസുഹൃത്തുക്കളിൽ ഒരാളാണ്.ഈയിടെയായിരുന്നു ഇരുവരും ഫ്രഞ്ച് ടീമിന് വേണ്ടി ഒരുമിച്ച് കളിക്കാൻ ആരംഭിച്ചത്. ഏതായാലും കഴിഞ്ഞ ദിവസം ബെൻസിമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ചിത്രം പങ്കു വച്ചിരുന്നു.അതായത് കിലിയൻ എംബപ്പേയെ ചേർത്തുപിടിക്കുന്ന ഒരു ചിത്രമായിരുന്നു ഇത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടറിൽ റയലും പിഎസ്ജിയും ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷമാണ് ബെൻസിമ ടണലിൽ വെച്ച് എംബപ്പേയെ ഹഗ് ചെയ്തത്. രണ്ടാം പകുതിയിൽ ഒരു ഹാട്രിക്ക് നേടി കൊണ്ട് ബെൻസിമ റയലിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
— Murshid Ramankulam (@Mohamme71783726) March 17, 2022
അതേസമയം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഈയൊരു സ്റ്റോറിയെ ഒരു സൂചനയായി കൊണ്ടാണ് വിലയിരുത്തിയിട്ടുള്ളത്.അതായത് മത്സരം കഴിഞ്ഞ് ഇത്രയും നാളുകൾ പിന്നിട്ടതിനു ശേഷമാണ് ബെൻസിമ ഈയൊരു ചിത്രം പങ്കു വെക്കുന്നത്.എംബപ്പേ റയലിലേക്ക് വരാൻ തന്നെ തീരുമാനിച്ചോ എന്നുള്ള ഒരു സംശയമാണ് ഇവിടെ മാർക്ക പങ്കുവെക്കുന്നത്.
റയലിനോട് പരാജയപ്പെട്ടതോടുകൂടി പിഎസ്ജി ചാംപ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. അതുകൊണ്ടുതന്നെ എംബപ്പേക്ക് ഇപ്പോൾ തീരുമാനമെടുക്കാൻ മുമ്പിൽ തടസ്സങ്ങളൊന്നുമില്ല.എംബപ്പേ റയലിൽ എത്തുകയാണെങ്കിൽ അതിൽ ബെൻസിമക്ക് വലിയൊരു പങ്കുണ്ടാവുമെന്നുള്ള കാര്യത്തിലും സംശയമില്ല.