എംബപ്പേ പിഎസ്ജിയിൽ തുടർന്നു,ഫുട്ബോളിന് അപമാനമെന്ന് ലാലിഗ പ്രസിഡന്റ്‌!

കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചത്.2025 വരെയായിരിക്കും കിലിയൻ എംബപ്പേ പിഎസ്ജിയിൽ ഉണ്ടാവുക.താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നായിരുന്നു ഫുട്ബോൾ ലോകം ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നത്.എന്നാൽ പിഎസ്ജിയിൽ തുടരാൻ തീരുമാനിച്ചത് പലർക്കിടയിലും ഞെട്ടൽ ഉണ്ടാക്കുകയായിരുന്നു.

ഏതായാലും എംബപ്പേ പിഎസ്ജിയിൽ തുടർന്നതിനെതിരെ രൂക്ഷ വിമർശനവുമായി ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേക്ക് പിഎസ്ജി നൽകിയ ഓഫർ ഫുട്ബോളിന് അപമാനമാണെന്നും അൽ ഖലീഫി സൂപ്പർ ലീഗിനെ പോലെ തന്നെ ഫുട്ബോളിന് അപകടകരമാണ് എന്നുമാണ് ടെബാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” എംബപ്പേയുടെ കരാർ പിഎസ്ജി പുതുക്കിയത് ഒരു ഭീമമായ തുക ഓഫർ ചെയ്തു കൊണ്ടാണ്.അത് എത്രയാണ് നൽകുക എന്നുള്ളത് ആർക്കറിയാം.700 മില്യൺ നഷ്ടവും 600 മില്യൺ വേതനഭാരവും അനൗൺസ് ചെയ്തതിനു ശേഷമാണ് അവർ എംബപ്പേക്ക് ഈ ഓഫർ നൽകിയത് എന്നോർക്കണം. തീർച്ചയായും ഇത് ഫുട്ബോളിന് അപമാനമാണ്. സൂപ്പർ ലീഗിനെ പോലെ തന്നെ ഫുട്ബോളിന് അപകടകരമായ വ്യക്തിയാണ് അൽ ഖലീഫി ” ഇതാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.

എംബപ്പേയെ റയലിലേക്ക് എത്തിക്കാൻ കഴിയാത്തത് ലാലിഗ ക്കും തിരിച്ചടിയേൽപ്പിക്കുന്ന ഒരു കാര്യമാണ്. സമീപകാലത്ത് നിരവധി സൂപ്പർതാരങ്ങളെ ലാലിഗക്ക് നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *