എംബപ്പേ എന്റെ സമ്മർ നശിപ്പിച്ചു: ആഞ്ചലോട്ടി

ഇന്ന് യുവേഫ സൂപ്പർ കപ്പിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.പോളണ്ടിൽ വെച്ചുകൊണ്ടാണ് ഈ ഫൈനൽ നടക്കുന്നത്. സൂപ്പർ താരം കിലിയൻ എംബപ്പേ ഈ മത്സരത്തിൽ അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എംബപ്പേയും എൻഡ്രിക്കും റയൽ മാഡ്രിഡിൽ എത്തിയത്. മുന്നേറ്റ നിലയിൽ ഒരുപാട് മികച്ച താരങ്ങളെ റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് ലഭ്യമായി. ഇതേക്കുറിച്ച് തമാശ രൂപേണ ചില കാര്യങ്ങൾ ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.എംബപ്പേയുടെ വരവ് തന്റെ സമ്മർ വെക്കേഷൻ നശിപ്പിച്ചു എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്കിപ്പോൾ വലിയ ഒരു പ്രശ്നമാണ് ഉള്ളത്. ഏത് താരങ്ങളെ കളിപ്പിക്കണം? ഏതൊക്കെ താരങ്ങളെ പുറത്തിരുത്തണം എന്ന ചിന്ത മാത്രമായിരുന്നു ഈ സമ്മർ വെക്കേഷനിൽ എനിക്ക് ഉണ്ടായിരുന്നത്. യഥാർത്ഥത്തിൽ അവരുടെ വരവ് എന്റെ സമ്മർ നശിപ്പിച്ചു എന്ന് തന്നെ പറയേണ്ടിവരും.പക്ഷേ ഇത് വളരെ സിമ്പിളാണ്.എന്തെന്നാൽ അവർ എല്ലാവരും മികച്ച താരങ്ങളാണ്. അതുകൊണ്ടാണ് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ട് വരുന്നത്. പക്ഷേ ഈ പ്രശ്നം ഒരുപാട് കാലം നിലനിൽക്കില്ല. കാരണം ഈ സീസണിൽ 70 മത്സരങ്ങളോളം ഞങ്ങൾക്ക് കളിക്കേണ്ടി വരും. ഒരേ ഇലവൻ വെച്ച് ഇത്രയും മത്സരങ്ങൾ കളിക്കില്ലല്ലോ.അതുകൊണ്ടുതന്നെ എല്ലാവർക്കും അവസരങ്ങൾ ലഭിക്കും.കഴിഞ്ഞ സീസണിൽ കുറച്ച് അവസരങ്ങൾ ലഭിച്ചവർ പോലും കൂടുതലായിട്ട് കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ അതിൽ നിന്നൊക്കെ മാറ്റം വരും ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

എംബപ്പേ-വിനീഷ്യസ്-റോഡ്രിഗോ എന്നിവർ അടങ്ങുന്ന മുന്നേറ്റ നിരയെ ആയിരിക്കും പ്രധാനമായും ഈ പരിശീലകൻ ഉപയോഗപ്പെടുത്തുക.ബെല്ലിങ്ങ്ഹാം മധ്യനിരയിൽ ആയിരിക്കും ഉണ്ടാവുക. അതേസമയം എൻഡ്രിക്ക്,ബ്രാഹിം ഡയസ്,ഗുലർ തുടങ്ങിയവരെയും ഈ പരിശീലകന് ലഭ്യമാണ്. താരസമ്പന്നമായ ഒരു നിര തന്നെ ഇപ്പോൾ റയൽ മാഡ്രിഡിന് അവകാശപ്പെടാൻ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *