എംബപ്പേ ഈ വർഷം റയലിലേക്കെത്തും : മോറിയന്റസ്
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക.എംബപ്പേ ഇതുവരെ കരാർ പുതുക്കുകയോ കരാർ പുതുക്കാൻ സമ്മതിക്കുകയോ ചെയ്തിട്ടില്ല.ഭാവിയെ കുറിച്ച് താരം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയുള്ള മത്സരങ്ങൾക്ക് ശേഷം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം താരത്തെ സ്വന്തമാക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് നിലവിൽ സ്പാനിഷ് വമ്പന്മാരായ റയലുള്ളത്.എംബപ്പേ ഈ വർഷം തന്നെ റയലിലേക്ക് എത്തുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ മുൻ റയൽ താരമായ ഫെർണാണ്ടോ മോറിയന്റസ്. കഴിഞ്ഞദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മോറിയന്റസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 28, 2022
” എംബപ്പേ ഈ വർഷം റയൽ മാഡ്രിഡിലെത്തും.ഞാൻ ഒരുപാട് കാലമായി ക്ലബ്ബിനെയും ഫ്ലോറെന്റിനോ പെരസിനെയും ശ്രദ്ധിക്കുന്നുണ്ട്.റയൽ പ്രസിഡന്റ് എംബപ്പേക്ക് വളരെയധികം മൂല്യം കൽപ്പിക്കുന്നു.കാരണം എംബപ്പേ ഒരു അതുല്യനായ താരമാണ്.അദ്ദേഹത്തിന് വർഷങ്ങളോളം റയൽ മാഡ്രിഡിൽ കളിക്കാൻ സാധിക്കും ” ഇതാണ് മോറിയന്റസ് പറഞ്ഞിട്ടുള്ളത്.
1997 മുതൽ 2005 വരെ റയലിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മോറിയന്റസ്. ക്ലബ്ബിനായി 183 മത്സരങ്ങളിൽ നിന്ന് 72 ഗോളുകൾ ഈ സ്പാനിഷ് സ്ട്രൈക്കർ സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ മൂന്ന് ചാമ്പ്യൻസ് ലീഗും രണ്ട് ലാലിഗയും മോറിയന്റസ് കരസ്ഥമാക്കിയിട്ടുണ്ട്.