എംബപ്പേയേക്കാൾ മികച്ച താരമാണ് ഡെംബലെ, നിലനിർത്തും : ലാപോർട്ട
എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെംബലെയുടെ ക്ലബുമായുള്ള കരാർ ഈ വരുന്ന ജൂണിൽ അവസാനിക്കും. എന്നാൽ താരത്തെ നില നിർത്താൻ തന്നെയാണ് ബാഴ്‌സ ശ്രമിക്കുക. എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ടയാണ് ഇക്കാര്യം അറിയിച്ചത്.
പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പേയേക്കാൾ മികച്ച താരമാണ് ഡെംബലെയെന്നും ലാപോർട്ട കൂട്ടിച്ചേർത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ടിവി ത്രീയോട് സംസാരിക്കുകയായിരുന്നു ലാപോർട്ട. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Barcelona president Joan Laporta claims Dembele is better than Mbappe 👀 pic.twitter.com/WWswp4UWBM
— ESPN FC (@ESPNFC) December 3, 2021
” ഞങ്ങൾക്ക് ഡെംബലെയുമായി വളരെ നല്ല ബന്ധമാണുള്ളത്.അദ്ദേഹത്തിന് ബാഴ്‌സയിൽ തുടരാനാണ് ആഗ്രഹം.അദ്ദേഹത്തെ ഒരു മികച്ച താരമാക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു.ഡെംബലെയുടെ പ്രതിനിധികൾ അദ്ദേഹത്തിന്റെ നല്ലതിന് വേണ്ടി ചർച്ച ചെയ്യേണ്ട ഒരു സാഹചര്യമാണ് ഇത്.ഡെംബലെയുടെ കാര്യത്തിൽ ഞാൻ ശുഭാപ്തി വിശ്വാസക്കാരനാണ്.എംബപ്പേയേക്കാൾ മികച്ച താരമാണ് ഡെംബലെ ” ഇതാണ് ലാപോർട്ട പറഞ്ഞത്.
വലിയ പ്രതീക്ഷകളോട് കൂടി 2017-ൽ ബാഴ്‌സയിൽ എത്തിയ ഡെംബലെക്ക് ആ പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിരുന്നില്ല. പരിക്കുകൾ താരത്തിന് വിനയാവുകയായിരുന്നു. എന്നാൽ ഡെംബലെയുടെ കാര്യത്തിൽ സാവിയും ഇപ്പോൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.