എംബപ്പേയെ അവിടെയല്ല കളിപ്പിക്കേണ്ടത്:റയലിനോട് ഫ്രഞ്ച് പരിശീലകൻ
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേക്ക് ഇത് വളരെയധികം ബുദ്ധിമുട്ടേറിയ സമയമാണ്. 16 മത്സരങ്ങൾ കളിച്ചിട്ട് 8 ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.കേവലം 5 ഓപ്പൺ പ്ലേ ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്. അവസാനത്തെ ഏഴു മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്.ഒരുപാട് അവസരങ്ങൾ അദ്ദേഹം പാഴാക്കുകയും ചെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ താരത്തിന് ഇപ്പോൾ ലഭിക്കുന്നുണ്ട്.
ഇത്തവണത്തെ ഫ്രഞ്ച് ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. താരത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് ദെഷാപ്സ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഏതായാലും താരത്തെ സെന്റർ സ്ട്രൈക്കർ റോളിൽ കളിപ്പിക്കുന്നതിനെതിരെ ഈ ഫ്രഞ്ച് പരിശീലകൻ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.എംബപ്പേയെ ആ പൊസിഷനിൽ കളിപ്പിക്കുന്നതാണ് ഈ ബുദ്ധിമുട്ടിന് കാരണം എന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഫ്രഞ്ച് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” പല പൊസിഷനുകളിലും കളിക്കാൻ കഴിവുള്ള താരമാണ് എംബപ്പേ. പക്ഷേ അദ്ദേഹത്തെ സെന്റർ ഫോർവേഡ് പൊസിഷനിൽ ഞാൻ കളിപ്പിച്ചാൽ നിങ്ങൾ എനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞേക്കാം. പക്ഷേ അവസാനത്തെ രണ്ട് പരിശീലകരും അദ്ദേഹത്തെ സെന്റർ ഫോർവേഡ് പൊസിഷനിലാണ് കളിപ്പിക്കുന്നത്.ജിറൂദിനെ പോലെയുള്ള ഒരു പ്രൊഫൈൽ ഇല്ലാത്ത താരമാണ് എംബപ്പേ.ഇനി അദ്ദേഹത്തെ സെന്റർ ഫോർവേഡ് പൊസിഷനിൽ കളിപ്പിക്കുകയാണെങ്കിലും ലെഫ്റ്റ് സെന്റർ ഫോർവേഡ് പൊസിഷനിലാണ് കളിപ്പിക്കേണ്ടത്.എന്നാൽ റയൽ മാഡ്രിഡ് റൈറ്റ് സെന്റർ ഫോർവേഡ് പൊസിഷനിലാണ് കളിപ്പിക്കുന്നത്. അതാണ് പ്രശ്നം “ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും തന്റെ പഴയ മികവ് വീണ്ടെടുക്കുക എന്ന ഒരു വെല്ലുവിളിയാണ് താരത്തിന് മുന്നിലുള്ളത്. വരുന്ന ഇരുപത്തിനാലാം തീയതി റയൽ മാഡ്രിഡ് ലഗാനസിനെതിരെ ഒരു മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിൽ ആയിരിക്കും നമുക്ക് എംബപ്പേയെ കാണാൻ സാധിക്കുക.