എംബപ്പേയെ അന്നേ വിൽക്കണമായിരുന്നു :മുൻ പിഎസ്ജി സ്പോർട്ടിംഗ് ഡയറക്ടർ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് എംബപ്പേ പിഎസ്ജി വിട്ടുകൊണ്ട് റയൽ മാഡ്രിഡിൽ എത്തിയത്.ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം റയൽ മാഡ്രിഡിൽ എത്തിയത്. അതായത് ഒരൊറ്റ ചില്ലിക്കാശ് പോലും താരത്തിന്റെ കാര്യത്തിൽ പിഎസ്ജിക്ക് ലഭിച്ചിരുന്നില്ല എന്നർത്ഥം. ഒരുപാട് കാലമായി റയൽ മാഡ്രിഡ് ലക്ഷ്യം വെച്ചിരുന്ന ഒരു താരമായിരുന്നു എംബപ്പേ.ഒടുവിൽ ഈ സീസണിലാണ് അവർക്ക് താരത്തെ ലഭിച്ചത്.
2021ൽ റയൽ മാഡ്രിഡ് താരത്തിനു വേണ്ടി ഒരു ഓഫർ പിഎസ്ജിക്ക് നൽകിയിരുന്നു. എന്നാൽ താരത്തെ അന്ന് വിൽക്കാൻ പിഎസ്ജി തയ്യാറായിരുന്നില്ല. അന്ന് ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന ലിയനാർഡോ ഇക്കാര്യത്തിൽ തന്റെ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്.എംബപ്പേയെ അന്ന് വിൽക്കണമായിരുന്നു എന്നാണ് ലിയനാർഡോ പറഞ്ഞിട്ടുള്ളത്.എംബപ്പേ പോയതുകൊണ്ട് പിഎസ്ജി തകരില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ലിയനാർഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ എപ്പോഴും അതിനെതിരെയായിരുന്നു. യഥാർത്ഥത്തിൽ എംബപ്പേയെ 2021ൽ തന്നെ പിഎസ്ജി വിൽക്കണമായിരുന്നു.അന്ന് റയൽ മാഡ്രിഡ് ഒരു ഓഫർ നൽകിയിരുന്നു.പക്ഷേ താരത്തെ വിൽക്കാൻ അവർ സമ്മതിച്ചില്ല.എന്നാൽ എംബപ്പേ പോയി എന്ന് കരുതി പിഎസ്ജി തകരാനൊന്നും പോകുന്നില്ല. ഒരു താരം പോയാൽ ഒരു ഇൻസ്റ്റിറ്റ്യൂഷൻ ഒരിക്കലും തകരില്ല. ക്ലബ്ബിനെക്കാൾ മുകളിൽ നിൽക്കുന്ന മറ്റൊന്നും തന്നെ ഇവിടെയില്ല ” ഇതാണ് ലിയനാർഡോ പറഞ്ഞിട്ടുള്ളത്.
എംബപ്പേക്ക് റയൽ മാഡ്രിഡിൽ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ലഭിച്ചിട്ടുള്ളത്. 15 മത്സരങ്ങൾ കളിച്ചിട്ട് 8 ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. കേവലം 5 ഓപ്പൺ പ്ലേ ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്.റയൽ മാഡ്രിഡിന്റെ മോശം പ്രകടനത്തിന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നതും എംബപ്പേക്ക് തന്നെയാണ്.