എംബപ്പേയുടേയും ഹാലന്റിന്റെയും ജേഴ്‌സി ചോദിക്കരുത്:റയൽ ആരാധകരെ വിലക്കി ക്ലബ്ബ്!

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് സൂപ്പർ താരങ്ങളാണ് ഏർലിംഗ് ഹാലന്റും കിലിയൻ എംബപ്പേയും. രണ്ടുപേരെയും കൊണ്ടുവരാൻ റയലിന് താല്പര്യമുണ്ടെങ്കിലും ഇതുവരെ അതൊന്നും ഫലം കണ്ടിട്ടില്ല. പ്രത്യേകിച്ച് എംബപ്പേക്ക് വേണ്ടി ഒരുപാട് കാലമായി റയൽ ശ്രമങ്ങൾ നടത്തുന്നു.എന്നാൽ ക്ലബ്ബിലേക്ക് വരാൻ എംബപ്പേ ഇതുവരെ തയ്യാറായിട്ടില്ല.

റയൽ മാഡ്രിഡിന്റെ ഒഫീഷ്യൽ സ്റ്റോറുകളിൽ കസ്റ്റം ജേഴ്സികൾ ലഭ്യമാണ്. അതായത് നമ്മൾ ആവശ്യപ്പെടുന്ന പേരും നമ്പറും അവർ റയൽ മാഡ്രിഡിന്റെ ജഴ്സിയിൽ പ്രിന്റ് ചെയ്ത് നൽകും. എന്നാൽ ആരാധകർ ഈയൊരു സൗകര്യം ഉപയോഗപ്പെടുത്തുന്നത് മറ്റൊരു രീതിയിലാണ്. അതായത് റയൽ മാഡ്രിഡ് ജഴ്സിയിൽ കിലിയൻ എംബപ്പേയുടേയും ഏർലിംഗ് ഹാലന്റിന്റെയും പേര് പ്രിന്റ് ചെയ്തു നൽകാനാണ് ആരാധകർ ആവശ്യപ്പെടുന്നത്.

ഇത് ക്ലബ്ബിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല ആരാധകരെ ഇതിൽനിന്ന് വിലക്കാൻ ഇപ്പോൾ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. അതായത് എംബപ്പേ,ഹാലന്റ് എന്നിവരെ പോലെയുള്ള താരങ്ങളുടെ പേരിലുള്ള ജേഴ്സി ഒരു കാരണവശാലും നൽകില്ല എന്നാണ് റയൽ മാഡ്രിഡിന്റെ ഒഫീഷ്യൽ സ്റ്റോറുകൾ തീരുമാനമെടുത്തിട്ടുള്ളത്. സ്പാനിഷ് മാധ്യമമായ സെർ ഡിപോർട്ടിവോസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരാധകരെ ഇതിൽ നിന്നും വിലക്കുകയാണ് ക്ലബ്ബ് ചെയ്തിട്ടുള്ളത്.

ഇമേജ് റൈറ്റ്സ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. മറ്റുള്ള ക്ലബ്ബുകളുടെ താരങ്ങളുടെ പേരിലുള്ള ജേഴ്സികൾ ഒരുകാരണവശാലും നൽകില്ല എന്ന നിലപാടിലാണ് റയൽ മാഡ്രിഡ് ഇപ്പോൾ ഉള്ളത്. ഏതായാലും ഈ താരങ്ങളെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തിയേക്കും. വരുന്ന സമ്മറിൽ എംബപ്പേയെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നീട് റയൽ അതിന് ശ്രമിക്കില്ല എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *