എംബപ്പേയുടെ റയലിനെ പേടിയുണ്ടോ? കപ്പടിക്കാനാണ് വന്നിരിക്കുന്നതെന്ന് ബാഴ്സ കോച്ച്!
നിലവിലെ ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് കിലിയൻ എംബപ്പേയെ കൊണ്ടുവന്നത്. അദ്ദേഹം ഇപ്പോൾ ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം നടത്തുകയും ഗോളടിക്കുകയും കരിയറിലെ ആദ്യത്തെ യൂറോപ്യൻ ട്രോഫി സ്വന്തമാക്കുകയും ചെയ്തു.എംബപ്പേ വന്നതോടുകൂടി റയലിന്റെ ശക്തി ഒന്നുകൂടി വർദ്ധിച്ചിട്ടുണ്ട്. നിലവിൽ സൂപ്പർ താരം നിബിഡമാണ് റയൽ മാഡ്രിഡ്.
റയലിന്റെ ഈ താരസമ്പന്നമായ നിര ഏറ്റവും കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നത് എതിരാളികളായ ബാഴ്സലോണക്കാണ്.എംബപ്പേയുള്ള റയലിനോട് മുട്ടിനിൽക്കാൻ പറ്റുമോ എന്ന ചോദ്യം ബാഴ്സ പരിശീലകനായ ഹാൻസി ഫ്ലിക്കിനോട് ചോദിക്കപ്പെട്ടിരുന്നു. താൻ ഇവിടെ വന്നിട്ടുള്ളത് കിരീടം നേടാനാണ് എന്ന മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേയുടെ റയലിനോട് മുട്ടിനിൽക്കാൻ പറ്റുമോ എന്നുള്ളതിനെ കുറിച്ച് ഒന്നും ഞാൻ ചിന്തിക്കുന്നില്ല.ഫുട്ബോൾ എന്നത് വിജയിക്കുക, പരാജയപ്പെടുക എന്നീ രണ്ടുകാര്യങ്ങളെ ചുറ്റി പറ്റി ഉള്ളതാണ്.നമ്മൾ വിജയിച്ചു കഴിഞ്ഞാൽ എല്ലാവരും ഹാപ്പിയായിരിക്കും. ഞാൻ മുമ്പ് പറഞ്ഞത് മാത്രമാണ് ഇപ്പോഴും പറയാനുള്ളത്. കിരീടങ്ങൾ നേടാൻ വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത് “ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലീഗിലെ ആദ്യ മത്സരത്തിനു വേണ്ടി ബാഴ്സലോണ നാളെയാണ് ഇറങ്ങുക. എതിരാളികൾ വലൻസിയയാണ്. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം ഒരു മണിക്കാണ് ഈ മത്സരം നടക്കുക. അതേസമയം റയൽ മാഡ്രിഡും മയ്യോർക്കയും തമ്മിലുള്ള മത്സരം ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം ഒരു മണിക്കാണ് അരങ്ങേറുക.