എംബപ്പേയുടെ പ്രശ്നത്തിന് ഒരേയൊരു മരുന്ന്:ആഞ്ചലോട്ടി
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു തുടക്കം റയൽ മാഡ്രിഡിൽ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.പിഎസ്ജിയിലും ഫ്രാൻസിലും ഒരുപാട് ഗോളടിച്ചു കൂട്ടിയിരുന്ന എംബപ്പേയെ ഇപ്പോൾ റയൽ മാഡ്രിഡിൽ കാണാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങളാണ് താരത്തിന് ഏൽക്കേണ്ടി വരുന്നത്.
കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം പെനാൽറ്റി പാഴാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എംബപ്പേയെ കുറിച്ച് റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി സംസാരിച്ചിട്ടുണ്ട്. അതായത് എംബപ്പേയുടെ പ്രശ്നത്തിന് ഇപ്പോൾ ഉള്ള ഒരേയൊരു മരുന്ന് ക്ഷമ കാണിക്കുക എന്നത് മാത്രമാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.സ്ട്രൈക്കർമാർക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” സ്ട്രൈക്കർമാർക്ക് ഗോളടിക്കാൻ ബുദ്ധിമുട്ടുള്ള സമയങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇതൊക്കെ ഒരുപാട് തവണ നമ്മൾ കണ്ടതാണ്.ഇതിനുള്ള മരുന്ന് ക്ഷമ കാണിക്കുക എന്നതാണ്.ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയമാണ്. പെനാൽറ്റി നഷ്ടപ്പെടുത്തിയത് ഇതിന്റെ ആഴം വർദ്ധിപ്പിക്കുന്നതാണ്.പക്ഷേ എല്ലാവരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ കോൺഫിഡൻസിന്റെ അഭാവമാണ് അദ്ദേഹത്തിന് ഉള്ളത്. നിങ്ങൾ കരുതിയ പോലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ലെങ്കിൽ സിമ്പിൾ ആയി കളിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയത് കൊണ്ട് മാത്രം അദ്ദേഹത്തെ വിലയിരുത്താൻ പാടില്ല.പെനാൽറ്റി എല്ലാവരും പാഴാക്കുന്നതാണ്.അദ്ദേഹത്തിന്റെ കാര്യത്തിൽ നമ്മൾ ക്ഷമ കാണിക്കേണ്ടതുണ്ട്. അസാധാരണമായ താരമാണ് എംബപ്പേ ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിൽ അഞ്ച് മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നിലും റയൽ മാഡ്രിഡ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇനിയുള്ള മൂന്ന് മത്സരങ്ങൾ റയലിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ലാലിഗയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്.നേരത്തെ ബാഴ്സലോണയോട് ഒരു വലിയ തോൽവി അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.