എംബപ്പേയുടെ ജേഴ്സി വാങ്ങി,പിന്നാലെ കോച്ച് എടുത്ത് പുറത്തിട്ടു!
ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡ് അലാവസിനെ പരാജയപ്പെടുത്തിയിരുന്നു.രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.എംബപ്പേ,വാസ്ക്കാസ്,റോഡ്രിഗോ എന്നിവരായിരുന്നു റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയിരുന്നത്. മത്സരത്തിന്റെ അവസാനത്തിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് അലാവസ് റയലിനെ ഞെട്ടിക്കുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അലാവസ് രണ്ട് ഗോളുകൾ വഴങ്ങിയിരുന്നു. ആദ്യപകുതി അവസാനിച്ച സമയത്ത് അലാവസിന്റെ താരമായ അബ്ദൽ അബ്ഖർ എംബപ്പേയുടെ ജഴ്സി വാങ്ങിയിരുന്നു. രണ്ട് ഗോളുകൾക്ക് പുറകിൽ നിൽക്കുന്ന സമയത്താണ് അദ്ദേഹം എംബപ്പേയുടെ ജേഴ്സി കൈപ്പറ്റിയത്.അലാവസിന്റെ പ്രതിരോധനിരയിൽ കളിക്കുന്ന താരമാണ് അബ്ഖർ.
എന്നാൽ അദ്ദേഹത്തിന്റെ ഈ പ്രവർത്തി അലാവസിന്റെ പരിശീലകനായ ലൂയിസ് ഗാർഷ്യക്ക് ഒട്ടും പിടിച്ചിരുന്നില്ല. മത്സരം പൂർത്തിയാവുന്നതിനു മുന്നേ എതിർ താരത്തിന്റെ ജേഴ്സി കൈപ്പറ്റിയത് ഈ പരിശീലകനെ ദേഷ്യം പിടിപ്പിച്ചു. അതിനുള്ള ശിക്ഷ എന്നോണം ഈ ഡിഫന്ററെ പരിശീലകൻ പുറത്തിരുത്തുകയായിരുന്നു.രണ്ടാം പകുതിയിൽ താരത്തെ കളിക്കളത്തിലേക്ക് ഇറക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം മറ്റൊരു പ്രതിരോധ നിരതാരമായ ജോൺ ഗുറിഡിയെ പരിശീലകൻ കളിപ്പിക്കുകയായിരുന്നു.ഇത് സ്പാനിഷ് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിട്ടുണ്ട്.
എന്നാൽ ജേഴ്സി വാങ്ങിയതുകൊണ്ടാണ് താരത്തെ പുറത്താക്കിയത് എന്ന് സമ്മതിക്കാൻ പരിശീലകൻ തയ്യാറായിട്ടില്ല. മറിച്ച് അതൊരു ടാക്ടിക്കൽ ഡിസിഷനായിരുന്നു എന്നാണ് പരിശീലകൻ നൽകുന്ന വിശദീകരണം. ഏതായാലും രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിക്കാൻ കഴിഞ്ഞു എന്നത് അലാവസിനെ സംബന്ധിച്ചിടത്തോളം ഒരല്പം ആശ്വാസം നൽകുന്ന കാര്യമായിരിക്കും.നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇവർ തുടരുന്നത്.