എംബപ്പേയുടെ’ചതി’,സലായോ മാനെയോ ഡെമ്പലെയോ? റയലിന് മുന്നിൽ ഇനിയെന്ത്?
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ താൻ ക്ലബ്ബിൽ തന്നെ തുടരുകയാണ് എന്നുള്ള കാര്യം കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചിരുന്നത്.2025 വരെയുള്ള പുതിയ കരാറിലാണ് എംബപ്പേ ഒപ്പ് വെച്ചിരിക്കുന്നത്. ഏറെക്കാലമായി താരത്തെ ലക്ഷ്യമിട്ട റയൽ മാഡ്രിഡിനും പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസിനും കനത്ത തിരിച്ചടിയേൽപ്പിക്കുന്ന ഒരു കാര്യമായിരുന്നു ഇത്.
വലിയ രൂപത്തിലുള്ള പ്രതിഷേധമായിരുന്നു ഇതിനെത്തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ റയൽ മാഡ്രിഡ് ആരാധകർ നടത്തിയത്. എൽ ചിരിങ്കിറ്റോ ടിവിയിലെ മാധ്യമപ്രവർത്തകനായ പെഡ്രറോൾ പറഞ്ഞത് എംബപ്പേ റയലിനെ ചതിച്ചു എന്നാണ്.ഏതായാലും റയലിന് മുന്നിൽ ഇനി എന്ത് എന്നുള്ളതാണ് വലിയ ഒരു ചോദ്യചിഹ്നം.
എംബപ്പേ വരുമെന്നുള്ള പ്രതീക്ഷയിൽ സമീപകാലത്ത് റയൽ മാഡ്രിഡ് വലിയ സൈനിങ്ങുകൾ ഒന്നും തന്നെ നടത്തിയിട്ടില്ല.എന്നാൽ എംബപ്പേ വരില്ല എന്ന് ഉറപ്പായതോടെ റയലിന്റെ പദ്ധതി എന്താവുമെന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യം.എംബപ്പേക്ക് വേണ്ടി നീക്കിവെച്ചിരുന്ന പണം അവിടെ തന്നെ സൂക്ഷിക്കുമോ അതല്ലെങ്കിൽ ട്രാൻസ്ഫർ ജാലകത്തിൽ വലിയ സൈനിങ്ങുകൾ റയൽ നടത്തുമോ എന്നുള്ളതാണ് അറിയേണ്ട കാര്യം.
— Murshid Ramankulam (@Mohamme71783726) May 24, 2022
മുന്നേറ്റ നിരയിലേക്ക് ചില പേരുകൾ ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.ലിവർപൂളിന്റെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ,സാഡിയോ മാനെ എന്നിവരിൽ ഒരാളെ റയൽ മാഡ്രിഡ് പരിഗണിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. രണ്ടു പേരുടെയും കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. അതേസമയം ബാഴ്സയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഡെമ്പലെയുടെ പേരും ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് നടക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്.
ഏതായാലും ഉടൻ തന്നെ റയൽ മാഡ്രിഡ് എന്തെങ്കിലും ചെയ്യുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.പക്ഷെ ബെൻസിമയും വിനീഷ്യസും റോഡ്രിഗോയുമൊക്കെ മികച്ച ഫോമിയിൽ കളിക്കുന്നത് റയലിന് ആശ്വാസം പകരുന്ന കാര്യമാണ്.