ഉടനടിയൊന്നും ക്ലബ് വിടില്ല, ബാഴ്സ സ്‌ട്രൈക്കർ പറയുന്നു !

കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിലായിരുന്നു ലെഗാനസിൽ നിന്നും മാർട്ടിൻ ബ്രൈത്വെയിറ്റ് എഫ്സി ബാഴ്സലോണയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ വലിയ അവസരങ്ങൾ ഒന്നും തന്നെ താരത്തിന് ലഭിച്ചിരുന്നില്ല എന്ന് മാത്രമല്ല പ്രതിസന്ധികൾ രൂക്ഷമായ സമയത്ത് താരത്തെ വിൽക്കാൻ ബാഴ്സ ആലോചിക്കുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം മറികടന്നു കൊണ്ട് ഈ സീസണിൽ മതിപ്പുളവാക്കുന്ന പ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഡാനിഷ് സ്‌ട്രൈക്കറായ ഇദ്ദേഹം അഞ്ച് ഗോളുകൾ ഈ സീസണിൽ നേടിക്കഴിഞ്ഞു. ബാഴ്‌സ ഈ സീസണിൽ കളിച്ച 19 മത്സരങ്ങളിൽ 10 എണ്ണത്തിലും താരം സ്റ്റാർട്ട്‌ ചെയ്തിരുന്നു. എന്നാൽ ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഈ സീസൺ കഴിഞ്ഞാലും ബാഴ്സയിൽ തന്നെ തുടരുമെന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ടിവി 3-ക്ക്‌ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

” ഈ വിന്റർ ട്രാൻസ്ഫർ മാർക്കറ്റിലോ സീസണിന്റെ അവസാനമോ ക്ലബ് വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അടുത്ത സീസണിലും ഞാൻ എന്റെ ലക്ഷ്യങ്ങൾക്ക്‌ വേണ്ടി പോരാടും. പുതിയ താരങ്ങളെ ക്ലബ് എത്തിക്കാൻ ശ്രമിക്കുന്നു എന്നുള്ളത് എനിക്കിഷ്ടമുള്ള കാര്യം തന്നെയാണ്. ബാഴ്‌സയെപോലെയൊരു ടീമിൽ അതുണ്ടാവണം. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ ക്ലബ് ലക്ഷ്യമിണ്ടാറുണ്ട്. ടീമിനകത്തെ മത്സരം ആവിശ്യമാണ്. അതന്നെ ഭയപ്പെടുത്തുന്നില്ല, മറിച്ച് പ്രചോദിപ്പിക്കുകയാണ് ചെയ്യാറുള്ളത്. എല്ലാവരെയും പ്രചോദിപ്പിക്കാൻ മികച്ച താരങ്ങളെ ആവിശ്യമാണ് ” ബ്രൈത്വെയിറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *