ഈ വർഷത്തെ എല്ലാ മത്സരങ്ങളും വിജയിക്കണമെന്ന് കൂമാൻ !

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ കാഡിസിനെയാണ് എഫ്സി ബാഴ്സലോണ നേരിടുന്നത്. അവരുടെ മൈതാനത്ത് വെച്ചാണ് ബാഴ്സ കാഡിസിനെ നേരിടുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഉജ്ജ്വലവിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സയും പരിശീലകൻ കൂമാനും. വിജയം തുടരുക എന്നത് തന്നെയാണ് തന്റെ ലക്ഷ്യമെന്ന് കൂമാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വർഷത്തെ എല്ലാ മത്സരങ്ങളിലും വിജയിക്കണമെന്നാണ് കൂമാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഈ ഡിസംബറിൽ ഇനി ഏഴ് മത്സരങ്ങളാണ് ബാഴ്‌സക്ക്‌ കളിക്കേണ്ടത്. ഈ മത്സരങ്ങളിൽ എല്ലാം തന്നെ വിജയിക്കണമെന്നാണ് കൂമാന്റെ അഭിലാഷം. കാഡിസിനെ കൂടാതെ യുവന്റസ്, ലെവാന്റെ, റയൽ സോസിഡാഡ്, വലൻസിയ, റയൽ വല്ലഡോലിഡ്, എയ്ബർ എന്നിവരാണ് ബാഴ്സയുടെ എതിരാളികൾ.

” കാഡിസിനെതിരെയുള്ള മത്സരത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷെ ഞങ്ങൾ ക്ഷമയോട് കൂടി കളിക്കേണ്ടതുണ്ട്. അവരുടെ ഹോം മൈതാനത്ത് വിജയം നേടാൻ അവർ തന്നെ ബുദ്ധിമുട്ടുന്നതായി കാണാം. പക്ഷെ മികച്ച റിസൾട്ടുകൾ അവർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കളത്തിനകത്ത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും എന്നറിയാം. പക്ഷെ ഞങ്ങൾ ശ്രദ്ധയോട് കൂടിയും ഞങ്ങളുടെതായ ലെവലിലും കളിക്കേണ്ടതുണ്ട്. ഈ വർഷത്തെ മുഴുവൻ മത്സരങ്ങളിലും വിജയിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അത്‌ലെറ്റിക്കോ മാഡ്രിഡ്‌ മത്സരങ്ങൾ എല്ലാം വിജയിക്കുന്നുണ്ട്. കുറച്ചു ഗോളുകൾ മാത്രമേ അവർ വഴങ്ങിയിട്ടൊള്ളൂ. പക്ഷെ ഈ സീസൺ വളരെ നീളമേറിയതാണ്. അതിനാൽ തന്നെ ഈ വർഷാവസാനം വരെ ഒരൊറ്റ പോയിന്റ് പോലും നഷ്ടപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *