ഈ ലാലിഗ കിരീടം റയൽ നേടുമെന്ന് വാൽവെർദെ

കോവിഡ് പ്രതിസന്ധി കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തങ്ങളുടെ ആരാധകർക്ക് വേണ്ടി ഈ ലാലിഗ കിരീടം തങ്ങൾ നേടുമെന്ന് റയൽ മധ്യനിര താരം ഫെഡെ വാൽവെർദേ. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ്‌ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. താരങ്ങൾ എല്ലാവരും തന്നെ കഠിനപരിശ്രമത്തിലാണെന്നും ഈ കിരീടം നേടാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വാൽവെർദേ പറഞ്ഞു. അത്പോലെ തന്നെ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാംപാദമത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കാൻ കഴിയുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു. ആദ്യപാദമത്സരത്തിൽ സ്വന്തം മൈതാനത്ത് 2-1 എന്ന സ്കോറിന് പരാജയപ്പെടാനായിരുന്നു റയൽ മാഡ്രിഡിന്റെ വിധി. രണ്ടാം പാദത്തിൽ ഈ വെല്ലുവിളി അതിജീവിച്ച് ക്വാർട്ടറിലേക്ക് മുന്നേറാനാവുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

” ബാക്കിയുള്ള സീസണിന് വേണ്ടി ഞങ്ങൾ കഠിനപരിശീലനത്തിലാണ്. ഈ കിരീടം നേടാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ഈ ജേഴ്‌സിയിൽ കൂടുതൽ ഗോളുകൾ നേടാനും അത് വഴി കിരീടം നേടാനുമാണ് ഞാൻ ശ്രമിക്കുന്നത്. ഭക്ഷണകാര്യത്തിലും പരിശീലനകാര്യത്തിലും കൂടുതൽ പ്രൊഫഷണലാവാനാണ് റയൽ നോക്കുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ആരാധകരുടെയും ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും. അവർക്ക് വേണ്ടി കിരീടം നേടാനാണ് ഞങ്ങൾ നോക്കുന്നത്. മത്സരങ്ങൾക്ക് ഞങ്ങൾ തയ്യാറായി കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതുവഴി അടുത്ത റൗണ്ടിലേക്ക് മുന്നേറാനും സാധിക്കും ” വാൽവെർദെ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ മാർച്ച്‌ മുതൽ നിർത്തിവെച്ച ലാലിഗ ജൂണോടെ പുനരാരംഭിക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജൂൺ പതിനൊന്നിനായിരിക്കും മത്സരങ്ങൾ തുടങ്ങുക. നിലവിൽ ലാലിഗയിൽ ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് പോയിന്റുകൾക്ക് പിറകിലുള്ള റയൽ രണ്ടാമതാണ്. ഇരുപത്തിയേഴ് മത്സരങ്ങൾ ഇരുടീമുകളും കളിച്ചു കഴിഞ്ഞു. സെവിയ്യ ഡെർബിയോട് കൂടിയാണ് ലീഗിലെ മത്സരങ്ങൾ പുനരാരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *