ഇന്നത്തെ മത്സരം എങ്ങനെയായിരിക്കും? പ്രെഡിക്റ്റ് ചെയ്ത് ഫ്ലിക്ക്!
ഇന്ന് ലാലിഗയിൽ നടക്കുന്ന ഒൻപതാം റൗണ്ട് പോരാട്ടത്തിൽ ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ അലാവസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:45നാണ് മത്സരം നടക്കുക.അലാവസിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. അവസാനത്തെ ലീഗ് മത്സരത്തിൽ ബാഴ്സലോണ ഒസാസുനയോട് പരാജയപ്പെട്ടിരുന്നു. അതിന്റെ ആഘാതത്തിൽ നിന്നും കരകയറണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം ബാഴ്സക്ക് അനിവാര്യമാണ്.
വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ ചിന്തിക്കുന്നില്ല എന്നുള്ള നിലപാട് ബാഴ്സയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് വ്യക്തമാക്കിയിട്ടുണ്ട്.മത്സരത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ഒരു പ്രവചനവും അദ്ദേഹം നടത്തിയിട്ടുണ്ട്. തുടക്കം തൊട്ടേ തീവ്രത നിറഞ്ഞ ഒരു മത്സരം ആയിരിക്കും ഇത് എന്നാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“മത്സരത്തിൽ വിജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ഞങ്ങൾ ചിന്തിക്കുന്നില്ല. ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ 3 പോയിന്റുകൾ പോക്കറ്റിൽ ആക്കുക എന്നുള്ളത് മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം. മത്സരത്തിന്റെ തുടക്കം തൊട്ടേ വളരെയധികം തീവ്രത ഉണ്ടായിരിക്കും.അതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ഞങ്ങൾ വരുത്തിവെച്ച പിഴവുകൾ ആവർത്തിക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ഞങ്ങൾ അവസരങ്ങൾ ഉണ്ടാക്കിയെടുക്കണം. കൂടാതെ പൊസെഷൻ വരുതിയിലാക്കുകയും വേണം ” ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലാലിഗയിൽ എട്ടുമത്സരങ്ങളിൽ നിന്ന് 21 പോയിന്റ് നേടിക്കൊണ്ട് ബാഴ്സ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 9 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ റൊട്ടേഷൻ കാരണമായിരുന്നു ബാഴ്സക്ക് വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും തന്നെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കും.