ഇനി ഈ സീസണിൽ സാന്റിയാഗോ ബെർണാബുവിൽ മത്സരമുണ്ടാവില്ലെന്നറിയിച്ച് റയൽ മാഡ്രിഡ്‌

ഇനി മുതൽ ഈ സീസണിൽ സാന്റിയാഗോ ബെർണാബുവിൽ റയലിന്റെ മത്സരങ്ങൾ നടക്കില്ലെന്നറിയിച്ച് ക്ലബ് അധികൃതർ. സ്റ്റേഡിയത്തിന്റെ നവീകരണവും അറ്റകുറ്റപണികളും ബന്ധിച്ചാണ് സാന്റിയാഗോ ബെർണാബു അടച്ചിടുക എന്ന് ക്ലബ് അറിയിച്ചത്. ഇനിയുള്ള മത്സരങ്ങൾ വാൽഡെബെബാസിലുള്ള എസ്സ്റ്റാഡിയോ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിലാണ് നടക്കുക. നിലവിൽ റയലിന്റെ രണ്ടാം ടീമായ കാസ്റ്റില്ലയുടെ ഗ്രൗണ്ട് ആണ് സ്‌റ്റെഫാനോ സ്റ്റേഡിയം. കോവിഡ് മൂലം നിർത്തിവെച്ച മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഇനി സാന്റിയാഗോ ബെർണാബു കാണാൻ സാധിച്ചേക്കില്ല.

ജൂൺ പതിനൊന്ന് മുതലാണ് ലാലിഗ പുനരാരംഭിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക എന്നുള്ളതിനാൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടില്ല എന്ന ധാരണയിലാണ് അധികൃതർ. ഇനി ഒക്ടോബറിൽ ആണ് ബെർണാബു തുറക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്. ഒക്ടോബറിൽ ആണ് അടുത്ത സീസണിലെ ലാലിഗയും ചാമ്പ്യൻസ് ലീഗും അധികൃതർ തുടങ്ങാൻ ആലോചിക്കുന്നത്. അപ്പോഴേക്കും കാണികൾക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചേക്കും. മാർച്ചിൽ ബാഴ്സക്കെതിരെയായിരുന്നു ബെർണാബുവിൽ അവസാനമത്സരം നടന്നത്. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റയൽ ബാഴ്സയെ കീഴടക്കിയത്. കോവിഡ് പ്രതിസന്ധിയിൽ മറ്റുള്ള ക്ലബുകളെയൊക്കെ സാമ്പത്തികപ്രതിസന്ധി അലട്ടിയെങ്കിലും റയലിനെ അതൊന്നും ബാധിച്ചിട്ടില്ല. വമ്പൻ തുക ചിലവഴിച്ചാണ് റയൽ അറ്റകുറ്റപണികൾ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *