ഇനി ആരും വരില്ല,ബെൻസിമയുടെ പകരക്കാരനെ പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് അവരുടെ സൂപ്പർതാരമായ കരീം ബെൻസിമയെ നഷ്ടമായത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദാണ് താരത്തെ സ്വന്തമാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഒരു പകരക്കാരനെ റയൽ മാഡ്രിഡിന് ആവശ്യമുണ്ടായിരുന്നു. പല പേരുകളും ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.

ഇപ്പോഴിതാ റയൽ മാഡ്രിഡ് പകരക്കാരനെ എത്തിച്ചു കഴിഞ്ഞു.എസ്പനോളിന്റെ സ്പാനിഷ് സൂപ്പർ താരമായ ഹൊസേലുവിനെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് താരത്തെ ക്ലബ്ബ് സ്വന്തമാക്കിയിട്ടുള്ളത്. ലോൺ കാലാവധി അവസാനിച്ചതിനുശേഷം വാങ്ങാനുള്ള ഓപ്ഷനുമുണ്ട്.

റയൽ മാഡ്രിഡ് തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. 33 കാരനായ ഹൊസേലു കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തിയിട്ടുള്ളത്. 16 ഗോളുകളും രണ്ട് അസിസ്റ്റുകളും ലാലിഗയിൽ അദ്ദേഹം നേടിയിരുന്നു. മുമ്പ് റയൽ മാഡ്രിഡിന്റെ സീനിയർ ടീമിന് വേണ്ടി ഈ താരം കളിച്ചിട്ടുണ്ട്.റയലിന് വേണ്ടി രണ്ടു മത്സരങ്ങളിൽ നിന്നായി കേവലം 18 മിനിറ്റുകൾ മാത്രം കളിച്ച താരം രണ്ട് ഗോളുകൾ അന്ന് നേടിയിരുന്നു.2011-12 സീസണിലായിരുന്നു ഇത്.പിന്നീട് ന്യൂകാസിലിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ മറ്റൊരു സ്ഥിരീകരണം റയലിന്റെ പ്രസിഡണ്ടായ പെരസ് നടത്തിയിട്ടുണ്ട്.ഹൊസേലുവിന്റെ സൈനിങ്ങോട് കൂടി റയലിന്റെ സൈനിങ്ങുകൾ അവസാനിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഇതോടെ എംബപ്പേ ഈ സീസണിൽ എത്തില്ല എന്ന് ഉറപ്പായി. അടുത്ത സീസണിൽ എംബപ്പേയെ ഫ്രീ ട്രാൻസ്ഫറിൽ എത്തിക്കുക എന്നുള്ളതായിരിക്കും നിലവിൽ റയലിന്റെ പദ്ധതി. എന്നിരുന്നാലും ബെൻസിമ,ഹസാർഡ്,അസെൻസിയോ,മരിയാനോ എന്നീ നാല് മുന്നേറ്റ നിര താരങ്ങൾ ക്ലബ്ബ് വിട്ട സ്ഥാനത്തേക്ക് ഒരേയൊരു താരത്തെ മാത്രം സൈൻ ചെയ്തത് റയൽ ആരാധകർക്ക് കടുത്ത അസംതൃപ്തി ഉണ്ടാക്കിയ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *