ഇനിയേസ്റ്റയെ ഓർമിപ്പിക്കുന്നു : ബാഴ്സ യുവതാരത്തിന് വീണ്ടും സാവിയുടെ പ്രശംസ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബാഴ്സ അത്ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ഔബമയാങ്‌,ഡെമ്പലെ,ലൂക്ക് ഡി യോങ്,ഡീപേ എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്.

മത്സരത്തിൽ യുവ സൂപ്പർതാരമായ പെഡ്രി മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. മത്സരശേഷം ഒരിക്കൽ കൂടി പെഡ്രിയെ പുകഴ്ത്തിക്കൊണ്ട് ബാഴ്സയുടെ പരിശീലകനായ സാവി രംഗത്തുവന്നിട്ടുണ്ട്.പെഡ്രി തന്നെ ബാഴ്സയുടെ ഇതിഹാസതാരമായ ഇനിയേസ്റ്റയെ ഓർമിപ്പിക്കുന്നു എന്നാണ് സാവി പറഞ്ഞത്. ദീർഘകാലം ബാഴ്സയിൽ ഒരുമിച്ച് കളിച്ചവരാണ് സാവിയും ഇനിയേസ്റ്റയും.പെഡ്രിയെ കുറിച്ച് സാവി പറഞ്ഞ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പെഡ്രി കളിയെ മനസ്സിലാക്കുന്ന രീതിയും ലൈനുകൾക്കിടയിൽ അദ്ദേഹം പോകുന്ന രീതിയുമൊക്കെ അതിശയകരമാണ്.പെഡ്രി എന്നെ ഇനിയേസ്റ്റയെയാണ് ഓർമിപ്പിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ഒരു താരമാണ് പെഡ്രി. അദ്ദേഹത്തെ പോലെയുള്ള പ്രതിഭകളെ ഞാൻ അധികമൊന്നും കണ്ടിട്ടില്ല ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ഇതിന് മുമ്പും ഒട്ടേറെ തവണ പെഡ്രിയെ സാവി പ്രശംസിച്ചിരുന്നു.അതേസമയം മറ്റു താരങ്ങളെ പ്രശംസിക്കാനും സാവി മറന്നിരുന്നില്ല.ഡെമ്പലെ,ലൂക്ക് ഡി യോങ്,ഔബമയാങ്‌,ട്രയോറെ,ഡീപേ എന്നിവരെയൊക്കെ സാവി മത്സരശേഷം പ്രത്യേകം പരാമർശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *