ഇത് ഫുട്ബോളല്ല, സിദാന് പറയാനുള്ളത് ഇങ്ങനെ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒസാസുനയോട് സമനില വഴങ്ങാനായിരുന്നു റയൽ മാഡ്രിഡിന്റെ വിധി. ഗോൾരഹിത സമനിലയിലായിരുന്നു റയൽ മാഡ്രിഡിനെ ഒസാസുന തളച്ചത്. ഒട്ടേറെ പ്രതികൂലസാഹചര്യങ്ങളെ മറികടന്നു കൊണ്ടാണ് റയൽ മാഡ്രിഡ്‌ ഈ മത്സരം കളിച്ചത്. അതിനാലാണ് തങ്ങൾ സമനില വഴങ്ങിയതെന്ന് പരോക്ഷമായി പറഞ്ഞിരിക്കുകയാണ് പരിശീലകൻ സിദാൻ.കനത്ത മഞ്ഞു മൂലം വളരെ പ്രയാസപ്പെട്ടാണ് റയൽ മാഡ്രിഡ്‌ ഒസാസുന മൈതാനത്ത് എത്തിയത്. അതേസമയം അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ മത്സരം ഇതേകാരണം കൊണ്ട് മാറ്റിവെച്ചിരുന്നു. ഇതിനാൽ തന്നെ റയലിന്റെ മത്സരം മാറ്റിവെക്കാത്തതിൽ രോഷാകുലനാണ് സിദാൻ. ഇത് ഫുട്ബോൾ അല്ലെന്നും മത്സരം സസ്പെന്റ് ചെയ്യേണ്ടത് ആയിരുന്നു എന്നുമാണ് സിദാൻ തുറന്നു പറഞ്ഞത്.

” വളരെ മോശമായ രീതിയിൽ ആണ് ഞങ്ങൾ കൈകാര്യം ചെയ്യപ്പെട്ടത്. കളത്തിൽ ഞങ്ങളെ കൊണ്ട് എന്താണോ സാധ്യമായത് അതാണ് ഞങ്ങൾ ചെയ്തത്. ഇതൊരിക്കലും ഫുട്ബോൾ മത്സരം ആയിരുന്നില്ല. ഞങ്ങൾ എങ്ങനെയാണ് മാഡ്രിഡിലേക്ക് മടങ്ങുക എന്നുള്ളതും ഞങ്ങൾക്ക്‌ അറിയില്ല. ഇത് സസ്പെന്റ് ചെയ്യേണ്ട മത്സരമായിരുന്നു. പക്ഷെ ഏതായാലും ഇത് കഴിഞ്ഞു പോയ കാര്യമാണ്. ഒരു മത്സരത്തിന് അനുകൂലമായ സാഹചര്യങ്ങൾ ആയിരുന്നില്ല ഇത്. ഞാൻ ഇത് ആവർത്തിക്കുക തന്നെയാണ്. പക്ഷെ ഏതായാലും അതൊക്കെ സംഭവിച്ചു കഴിഞ്ഞു ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *