ഇത്തവണത്തെ ലാലിഗ കിരീടം ചൂടാൻ അത്ലെറ്റിക്കോ മാഡ്രിഡിന് സാധിക്കുമെന്ന് റെനാൻ ലോദി !

ഈ സീസണിലെ ലാലിഗ കിരീടം നേടാൻ കഴിയുന്ന ടീമാണ് അത്ലെറ്റിക്കോ മാഡ്രിഡെന്ന് ക്ലബ്ബിലെ ബ്രസീലിയൻ താരം റെനാൻ ലോദി. കഴിഞ്ഞ ദിവസം താരം നൽകിയ അഭിമുഖം സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നേടാൻ ബുദ്ധിമുട്ടുള്ള ലീഗാണ് ലാലിഗയെന്നും എന്നാൽ അത്ലെറ്റിക്കോ മാഡ്രിഡിന് നേടാൻ സാധിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് താരം. ബ്രസീലിയൻ ടീമിനൊപ്പം ഉജ്ജ്വലപ്രകടനം നടത്തി പ്രശംസ പിടിച്ചു പറ്റാൻ ലോദിക്ക്‌ സാധിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിൽ ഉറുഗ്വക്കെതിരെ റിച്ചാർലീസൺ നേടിയ ഗോളിന് വഴിയൊരുക്കിയത് ലോദിയായിരുന്നു. തന്റെ സഹതാരമായ ഹാവോ ഫെലിക്സിനെ കുറിച്ച് മനസ്സ് തുറക്കാനും താരം മറന്നില്ല.

” പ്രായോഗിക തലത്തിൽ ഞാൻ ഒരു ആക്രമണനിരക്കാരൻ കൂടിയാണ്. ബ്രസീൽ ടീമിൽ എനിക്ക് ആക്രമണങ്ങൾ നടത്താൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. എനിക്കത് ഇഷ്ടമാണ്. ടിറ്റെ അതിന് അനുവാദം തന്നിട്ടുമുണ്ട്. എന്നാൽ ഞാൻ എന്റെ ഡിഫൻസീവ് ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂർണ്ണബോധവാനുമാണ്. ഈ ലാലിഗ കിരീടം നേടാൻ അത്ലെറ്റിക്കോ മാഡ്രിഡിന് സാധിക്കും. അതിന് തക്കവണ്ണമുള്ള സ്‌ക്വാഡ് ഞങ്ങൾക്കുണ്ട്. ലാലിഗ കിരീടം നേടാൻ എപ്പോഴും ബുദ്ധിമുട്ടാണ്. നിലവിൽ ഞങ്ങൾ മൂന്നാമതാണ്. പക്ഷെ ഞങ്ങളേക്കാൾ രണ്ട് മത്സരം കൂടുതൽ കളിച്ചവരാണ് മുകളിൽ ഉള്ളവർ. ഞാനും ഹാവോ ഫെലിക്സും സഹോദരൻമാരെ പോലെയാണ്. നല്ല രീതിയിലാണ് ഞങ്ങൾ കളിക്കുന്നത്. നല്ല പ്രതിഭയുള്ള താരമാണ് അദ്ദേഹം. കുറച്ചു കൂടെ പുരോഗതി പ്രാപിക്കാനുണ്ട്. ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ ഫെലിക്സിന് കഴിയും ” ലോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *