ആ പാട്ടെനിക്ക് ഇഷ്ടമായി : അരങ്ങേറ്റത്തെ കുറിച്ച് അഗ്വേറോ പറയുന്നു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്‌സ വലൻസിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഫാറ്റി, ഡീപേ, കൂട്ടീഞ്ഞോ എന്നിവരായിരുന്നു ബാഴ്‌സക്ക്‌ ഗോളുകൾ നേടിയത്.

മത്സരത്തിൽ ബാഴ്‌സക്ക്‌ വേണ്ടി അരങ്ങേറ്റം കുറിക്കാനുള്ള അവസരം സൂപ്പർ താരം സെർജിയോ അഗ്വേറോക്ക്‌ ലഭിച്ചിരുന്നു.മത്സരത്തിന്റെ 87-ആം മിനുട്ടിൽ പകരക്കാരന്റെ വേഷത്തിലാണ് താരം കളത്തിൽ ഇറങ്ങിയിരുന്നത്. ഈ ട്രാൻസ്ഫറിൽ താരം ബാഴ്‌സയിൽ എത്തിയിരുന്നുവെങ്കിലും പരിക്ക് മൂലമാണ് താരത്തിന്റെ അരങ്ങേറ്റം ഇത്രയും വൈകിയത്.

ഏതായാലും താരം കളത്തിലേക്കിറങ്ങിയപ്പോൾ വലിയ വരവേൽപ്പാണ് ബാഴ്‌സ ആരാധകർ താരത്തിന് നൽകിയത്. താരത്തിന്റെ പേര് ചാന്റ് ചെയ്തും പാട്ട് പാടിയുമാണ് താരത്തെ ബാഴ്‌സ ആരാധകർ വരവേറ്റത്. തനിക്ക് ആ പാട്ട് ഇഷ്ടമായെന്നും എല്ലാവരെയും കെട്ടിപ്പിടിച്ച് നന്ദി പറയാൻ ആഗ്രഹിച്ചു എന്നുമാണ് മത്സരശേഷം അഗ്വേറോ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാം അത്ഭുതകരമായിരുന്നു. ആളുകൾ എന്റെ പേര് വിളിക്കുന്നതും എന്നെ പറ്റി പാട്ട് പാടുന്നതുമെല്ലാം അസാധാരണമായിരുന്നു. സത്യത്തിൽ എനിക്ക് ആ പാട്ട് ഇഷ്ടമായി.അവർ എന്നോട് കാണിച്ച സ്നേഹത്തിന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു.പക്ഷേ എനിക്ക് ഓരോരുത്തരെയും കെട്ടിപ്പിടിച്ചു കൊണ്ട് നന്ദി പറയാൻ സാധിക്കില്ലല്ലോ. എന്നിരുന്നാലും എന്റെ കളത്തിലെ പ്രകടനം അവർ ആസ്വദിച്ചിട്ടുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ടാണ് താരം ബാഴ്‌സയിൽ എത്തിയിരുന്നത്. താരം ഫോമിലേക്ക് എത്തിയാൽ അത് ബാഴ്‌സക്ക്‌ വലിയ മുതൽകൂട്ടാവും.

Leave a Reply

Your email address will not be published. Required fields are marked *