ആൽവെസ് പറഞ്ഞത് നുണയോ?വാട്സ്ആപ്പ് ചാറ്റ് പുറത്ത്!
ഈയിടെയായിരുന്നു എഫ്സി ബാഴ്സലോണ ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവെസിനെ ക്ലബ്ബിലേക്ക് തിരിച്ചെത്തിച്ചത്. മറഡോണ കപ്പിൽ താരം ബാഴ്‌സക്കായി കളിച്ചിരുന്നു. മാത്രമല്ല ഈ വർഷം മുതൽ താരത്തിന് ഇനി ബാഴ്‌സക്കായി കളിക്കാം.
ഏതായാലും കഴിഞ്ഞ ദിവസം ഡാനി ആൽവെസ് ഒരു പ്രസ്താവന നടത്തിയിരുന്നു. അതായത് ബാഴ്‌സയുടെ പ്രസിഡന്റ് ബർതോമ്യു ആയിരുന്നുവെങ്കിൽ താൻ ബാഴ്‌സയിലേക്ക് തിരിച്ചെത്തില്ലായിരുന്നു എന്നാണ് ആൽവെസ് പറഞ്ഞിരുന്നത്. പക്ഷേ ബർതോമ്യു ബാഴ്‌സയുടെ പ്രസിഡന്റായിരിക്കുന്ന സമയത്ത് ഡാനി ആൽവെസ് ബാഴ്‌സയിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചിരുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബർതോമ്യുവും ഡാനി ആൽവെസും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.ക്യൂളെമാനിയ എന്ന മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ട് മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 മെയ് മാസത്തിൽ ലിവർപൂളിനോട് തോറ്റതിന് ശേഷമാണ് ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ വേണ്ടി ഡാനി ആൽവെസ് ബർതോമ്യുവിനെ സമീപിച്ചത്. ആ സംഭാഷണം ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 2, 2022
ഡാനി ആൽവെസിന്റെ ആദ്യ സന്ദേശം ഇങ്ങനെയാണ് : മിസ്റ്റർ പ്രസിഡന്റ്, അവിടെ എല്ലാം ഓക്കെയല്ലേ? എനിക്ക് ബാഴ്‌സയിലേക്ക് തിരികെയെത്താൻ ആഗ്രഹമുണ്ട്.എനിക്കെന്റെ വീട്ടിലേക്ക് മടങ്ങിയെത്തണം. എന്നിട്ട് 2022-ലെ വേൾഡ് കപ്പ് ഒരു ബാഴ്‌സ താരമായി കൊണ്ട് കളിക്കണം.നമ്മുക്ക് പരസ്പരം ആവിശ്യമുണ്ട്. അത് നമുക്ക് രണ്ട് പേർക്കും അറിയാവുന്നതുമാണ്.ഇതാണ് ഡാനി ആൽവെസ് അയച്ചത്.
ഇതിന് ബർതോമ്യു മറുപടി നൽകിയിരിക്കുന്നത് ഇങ്ങനെയാണ് : ഹായ് ഡാനി, നിങ്ങൾ തിരിച്ചു വരുന്നതിൽ ഒരു പ്രശ്നവുമില്ല.പക്ഷേ അതിന് പരിശീലകനെ അനുമതി കൂടെ വേണം. നിങ്ങൾ എറിക് അബിദാലുമായി സംസാരിച്ചിരുന്നുവോ?
അപ്പോൾ ഡാനി ആൽവെസ് പറഞ്ഞു : നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തോട് സംസാരിക്കാം.
ബർതോമ്യു : ഞാൻ അബിയുമായി സംസാരിക്കാം. നിങ്ങൾ നിങ്ങളുടെ ആളുകളോട് സംസാരിച്ചോളൂ.
ഇതായിരുന്നു വാട്സ്ആപ്പ് സംഭാഷണം.അന്ന് വാൽവെർദേയായിരുന്നു ബാഴ്‌സയുടെ പരിശീലകൻ.പിന്നീട് അന്നത്തെ ബാഴ്‌സയുടെ സ്പോർട്ടിങ് ഡയറക്ടറായ അബിദാൽ ഡാനിയെ തിരിച്ചു കൊണ്ട് വരാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ അന്ന് ആൽവസിന് തിരിച്ചെത്താൻ കഴിഞ്ഞില്ലെന്നും മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും ഇതിന്റെ ആധികാരികതക്ക് വേണ്ടി നമ്മൾ കാത്തിരിക്കേണ്ടിയിരിക്കുന്നു.