ആൽവരസിന്റെ പകരക്കാരൻ,റയൽ സൂപ്പർ താരത്തെ റാഞ്ചാൻ സിറ്റി!
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് ക്ലബ്ബിനോട് വിട പറയുകയാണ്. സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിലേക്കാണ് അദ്ദേഹം പോകുന്നത്. 95 മില്യൺ യൂറോയാണ് അദ്ദേഹത്തിന് വേണ്ടി അത്ലറ്റിക്കോ ചിലവഴിക്കുന്നത്.രണ്ട് ക്ലബ്ബുകളും തമ്മിൽ അഗ്രിമെന്റിൽ എത്തി എന്നുള്ള കാര്യം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള സ്ഥിരീകരിച്ചിരുന്നു.
ക്ലബ്ബിനകത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്തതുകൊണ്ടാണ് താരം ഇപ്പോൾ ക്ലബ്ബ് വിടുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്കോ പെപ്പിനോ അദ്ദേഹത്തെ കൈവിടാൻ താല്പര്യം ഉണ്ടായിരുന്നില്ല.നിലവിൽ ഒരു മുന്നേറ്റ നിര താരത്തെ സിറ്റിക്ക് ആവശ്യമുണ്ട്.പെഡ്രോ നെറ്റോയുടെ പേര് ഉയർന്ന് കേട്ടിരുന്നുവെങ്കിലും അദ്ദേഹത്തെ ചെൽസി സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു റൂമർ സ്പാനിഷ് മാധ്യമമായ As റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോയെയാണ് സിറ്റിക്ക് വേണ്ടത്.ഇത് ആദ്യമായിട്ടൊന്നുമല്ല സിറ്റി താൽപര്യം പ്രകടിപ്പിക്കുന്നത്.നേരത്തെയും മാഞ്ചസ്റ്റർ സിറ്റി ബ്രസീലിയൻ താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു.പക്ഷേ സിറ്റിക്ക് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യങ്ങൾ മാത്രമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തെന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റോഡ്രിഗോ ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നില്ല. സിറ്റിയുടെ ഓഫറുകൾ അദ്ദേഹം പരിഗണിക്കാൻ ഉദ്ദേശിക്കുന്നില്ല.
എംബപ്പേ വന്നതുകൊണ്ട് തന്നെ റോഡ്രിഗോ ക്ലബ്ബ് വിട്ടേക്കും എന്നായിരുന്നു റൂമറുകൾ.പക്ഷേ ക്ലബ്ബിനകത്ത് തുടരാൻ അദ്ദേഹം തന്നെ തീരുമാനിക്കുകയായിരുന്നു. 2028 വരെ റയൽ മാഡ്രിഡുമായി ഈ താരത്തിന് കരാർ അവശേഷിക്കുന്നുണ്ട്. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആകെ നാല് ഗോളുകൾ നേടിയ താരം കൂടിയാണ് റോഡ്രിഗോ. കഴിഞ്ഞ സീസണിൽ അദ്ദേഹം മോശമല്ലാത്ത രൂപത്തിൽ കളിക്കുകയും ചെയ്തിരുന്നു. പക്ഷേ നിലവിൽ റയൽ വിടാൻ അദ്ദേഹം ഒരുക്കമല്ല.ക്ലബ്ബിനകത്ത് അദ്ദേഹം സന്തോഷവാനാണ്.