ആർതർ രക്ഷപ്പെട്ടു! കാനറികളുടെ ചിറകരിയുന്ന ബാഴ്സലോണ

കുറച്ചു കാലമായി ബ്രസീലിയൻ താരങ്ങൾക്ക് അത്ര നല്ല അനുഭവമല്ല FC ബാഴ്സലോണ നൽകുന്നത്! 2018/19 സീസണിലെ സ്ക്വോഡിൽ 4 ബ്രസീലിയൻ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ നെറ്റോ ടീമിലെത്തായിട്ടും 2019/20 സീസണിലെ സ്ക്വോഡിൽ ബ്രസീൽ താരങ്ങളുടെ എണ്ണം രണ്ടായി കുറഞ്ഞു! അവരിൽ ആർതറിപ്പോൾ യുവെൻ്റസിലേക്ക് പോകുന്നു, സീസൺ അവസാനിച്ചാൽ നെറ്റോയും ക്ലബ്ബ് വിടുമെന്നാണ് വാർത്തകൾ. ബാഴ്സയിൽ ബ്രസീൽ താരങ്ങൾ വാഴാത്ത അവസ്ഥയാണിപ്പോൾ. കൂടുതൽ വിശകലനത്തിനായി 2018/19, 2019/20 സീസണുകളിലെ സ്ക്വോഡുകളിലുണ്ടായിരുന്ന ബ്രസീലിയൻ താരങ്ങൾക്ക് സംഭവിച്ചത് എന്താണെന്ന് നോക്കാം.

2018/19 സീസണിലെ ബാഴ്സസ്ക്വോഡിലുണ്ടായിരുന്ന ബ്രസീലിയൻ താരങ്ങൾ ഫിലിപ്പെ കുട്ടീഞ്ഞോ, ആർതർ മെലോ, റാഫീഞ്ഞ, മാൽക്കം എന്നിവരായിരുന്നു. ഇതിൽ മാൽക്കം വളരെ അപ്രതീക്ഷിതമായാണ് ക്ലബ്ബിലെത്തിയത്. ഫ്രഞ്ച് ക്ലബ്ബ് ബോർഡോയിൽ (Bordeaux) മികച്ച പ്രകടനം കാഴ്ച വെച്ച താരം 2018ലെ സമ്മർ ട്രാൻസ്ഫർ വിൻ്റോയിൽ ഇറ്റാലിയൻ ക്ലബ്ബ് റോമയുമായി ഏതാണ്ട് കരാറിൽ എത്തിയതായിരുന്നു. താരംമെഡിക്കലിനായി റോമയിലേക്ക് തിരിക്കാനിരിക്കെയാണ് ബാഴ്സ ഓഫറുമായി ചെന്നും താരത്തെ റാഞ്ചിയതും. ഇക്കാര്യത്താൽ ബാഴ്സക്കെതിരെ അന്ന് റോമ പ്രസിഡൻ്റ് അതിരൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഏതായാലും ഒറ്റ സീസൺ മാത്രമേ മാൽക്കം ബാഴ്സയിൽ നിന്നുള്ളൂ. വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരുന്ന താരം കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ റഷ്യൻ ക്ലബ് സെനിത് സെൻ്റ് പീറ്റേഴ്സ്ബഗിലേക്ക്ർ കൂടുമാറി.

ബാഴ്സലോണയിലൂടെ തന്നെ യൂത്ത് കരിയർ ആരംഭിച്ചയാളാണ് റാഫീഞ്ഞ. മുമ്പും പല തവണ ലോണിൽ പോയിട്ടുള്ള താരം ഈ സീസണിൽ സെൽറ്റാ വിഗോയിൽ കളിക്കുന്നു. ഫിലിപ്പെ കുട്ടീഞ്ഞോയുടെ കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഏറെ കൊട്ടിഘോഷിച്ച് 2018ലെ ജനുവരി ട്രാൻസ്ഫർ വിൻ്റോയിൽ ലിവർപൂളിൽ നിന്നും കൊണ്ട് വന്നതാണ് അദ്ദേഹത്തെ. എന്നാൽ ബാഴ്സയുടെ കളി രീതിയോട് ഇണങ്ങാൻ അദ്ദേഹം ബുദ്ധിമുട്ടി. പലപ്പോഴും തൻ്റെ സ്വാഭാവിക പൊസിഷനിൽ കളിക്കാൻ കഴിയാതിരുന്നതും അദ്ദേഹത്തിന് വിനയായി. ഒടുവിൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ സമയത്ത് കുട്ടീഞ്ഞോ ബയേൺ മ്യൂണിക്കിലേക്ക് ലോണിൽ പോയി. ഒറ്റ സീസൺ ഡീലായിരുന്നു ഇത്, അതായത് അടുത്ത സീസണിൽ എവിടെയാവും കളിക്കുക എന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ് കുട്ടീഞ്ഞോ! ലിവർപൂളിൽ സൂപ്പർ താരമായി വെട്ടത്തിളങ്ങി നിന്ന കുട്ടീഞ്ഞോക്കാണ് ഈ ഗതി വന്നത് എന്നോർക്കണം!

ആർതർ മെലോയാണ് 2018/19 സീസണിലെ സ്ക്വോഡിൽ ഉണ്ടായിരുന്ന അടുത്ത ആൾ. ബാഴ്സയുടെ കളി ശൈലിക്ക് ഏറെ ഇണങ്ങിയ മിഡ്ഫീൽഡർ എന്നാണ് തുടക്കത്തിൽ താരം വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ ഈ സീസണിൽ പരിക്കും അസുഖവും എല്ലാം പിടിപെട്ട് താരത്തിന് പലപ്പോഴും കളിക്കളത്തിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നു. അദ്ദേഹത്തിൻ്റെ ഫോമും അത്ര മികച്ചതായിരുന്നില്ല. അതോടെ 23 കാരനായ അതറിനെ യുവെൻ്റസിന് നൽകി 30കാരനായ മിറലം പ്യാനിക്കിനെ ടീമിലെടുക്കാൻ ബാഴ്സ തീരുമാനിച്ചു. ആദ്യം ബാഴ്സ വിടാൻ മടിച്ച ആർതർ പിന്നീട് ഈ ഡീലിന് സമ്മതം അറിയിക്കുകയായിരുന്നു. ഒരർത്ഥത്തിൽ ആർതർ ബാഴ്സലോണയിൽ നിന്നും രക്ഷപ്പെട്ടു എന്ന് വേണം പറയാൻ.

ആർതറെക്കൂടാതെ 2019/20 സീസണിലെ സ്ക്വോഡിലുള്ള ഏക ബ്രസീലിയൻ താരം നെറ്റോയാണ്. വലൻസിയയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന താരം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻ്റോയിലാണ് ബാഴ്സലോണയിലേക്ക് കൂടുമാറിയത്. മാർക്ക് ആന്ദ്രെ ടെർ സ്റ്റെഗെൻ ഉള്ളപ്പോൾ ഒരിക്കലും തനിക്ക് ബാഴ്സയിൽ ഒന്നാം നമ്പർ കീപ്പറാവാൻ കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെയായിരുന്നു ആ വരവ്. എന്നാൽ ബാഴ്സയിൽ തനിക്ക് പ്രതീക്ഷിച്ച അവസരങ്ങൾ പോലും ലഭിച്ചില്ലെന്ന് പരാതിയുള്ള നെറ്റോ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുകയാണ്. ഇതിന് അധികൃതർ അനുമതി നൽകിയതായാണ് വാർത്തകൾ.

അതായത്, കഴിഞ്ഞ കുറച്ച് കാലത്തെ സംഭവങ്ങൾ മാത്രം പരിശോധിച്ചാൽ ബാഴ്സലോണ ബ്രസീലിയൻ താരങ്ങൾക്ക് സ്വപ്ന ഭൂമിയല്ല എന്ന് മനസ്സിലാവും. നേരത്തെ ഡാനി ആൽവസിനെപ്പോലുള്ള താരങ്ങൾ നീണ്ട കാലം ബാഴ്സയിൽ കളിച്ചിട്ടുണ്ട്. അതെ ഡാനി ആൽവസ് തന്നെയാണ് ആർതറിനെ യുവെൻ്റസിൽ ചേരുന്നതിന് പ്രേരിപ്പിച്ചതെന്ന വാർത്ത പരക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. അതെ, പലപ്പോഴും ബാഴ്സയിൽ കാനറി കളുടെ ചിറക് തളരുന്നുണ്ട്!

Leave a Reply

Your email address will not be published. Required fields are marked *