ആരാധകർക്കിടയിൽ വെച്ച് കൊള്ളയടിക്കപ്പെട്ട് ലെവന്റോസ്ക്കി!

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ലാലിഗയിലെ തങ്ങളുടെ രണ്ടാമത്തെ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ്.റയൽ സോസിഡാഡാണ് ബാഴ്സയുടെ എതിരാളികൾ. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 1:30-നാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് വേണ്ടി എത്തിയ ബാഴ്സ സൂപ്പർതാരം റോബർട്ട് ലെവന്റോസ്ക്കിക്ക് ഞെട്ടിക്കുന്ന ഒരു അനുഭവമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. അതായത് പരിശീലന മൈതാനത്തിന് പുറത്ത് തടിച്ച് കൂടിയിരുന് ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകാനും ഫോട്ടോ എടുക്കാനും വേണ്ടി ലെവന്റോസ്ക്കി കാറിൽ നിന്നിറങ്ങിയിരുന്നു. എന്നാൽ ഈ സമയത്ത് റോബർട്ട് ലെവന്റോസ്ക്കി കൊള്ളയടിക്കപ്പെടുകയായിരുന്നു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ലെവന്റോസ്ക്കി കാറിൽ നിന്നിറങ്ങിയ സമയത്ത് ഒരു വ്യക്തി കാറിന്റെ ഡോർ തുറന്ന് താരത്തിന്റെ വിലപിടിപ്പുള്ള വാച്ച് അടിച്ചു മാറ്റുകയായിരുന്നു. ഏകദേശം 70,000 യുറോയോളം വിലയുള്ള വാച്ചായിരുന്നു മോഷ്ടിക്കപ്പെട്ടിരുന്നത്. എന്നാൽ ഉടൻതന്നെ ലെവന്റോസ്ക്കി പോലീസിനെ വിളിച്ചുകൊണ്ട് മോഷണ വിവരം അറിയിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പോലീസ് പ്രതിയെ പിടിക്കുകയും ചെയ്തു.മാത്രമല്ല മോഷ്ടിക്കപ്പെട്ട വാച്ച് ലെവന്റോസ്ക്കിക്ക് തിരിച്ചു ലഭിച്ചുവെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തുടക്കത്തിൽ ലെവന്റോസ്ക്കി ആക്രമിക്കപ്പെട്ടുവെന്നും താരത്തിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നും റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിക്കപ്പെട്ടിട്ടുണ്ട്.മറിച്ച് വാച്ച് മാത്രമായിരുന്നു നഷ്ടമായിരുന്നത്. ഏതായാലും ഈ സംഭവത്തിന് ശേഷവും ലെവന്റോസ്ക്കി പരിശീലനം നടത്തിയിട്ടുണ്ട്. ബാഴ്സയുടെ അടുത്ത മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ താരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *