ആരാണീ ‘പുതിയ മെസ്സി?’ അർജന്റൈൻ വണ്ടർകിഡിനെ കുറിച്ച് കൂടുതലറിയാം

ഇന്നലെ റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ മയ്യോർക്കക്ക് വേണ്ടി പകരക്കാരന്റെ രൂപത്തിലിറങ്ങി കൊണ്ട് ഒരു പയ്യൻ ചരിത്രം കുറിച്ചിരുന്നു. മത്സരത്തിന്റെ എൺപത്തിമൂന്നാം മിനുട്ടിലാണ് അർജന്റൈൻ വണ്ടർകിഡ് ലൂക്ക റൊമേറോ ലാലിഗയിൽ അരങ്ങേറ്റം കുറിച്ചത്. ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടം ഇനി താരത്തിന് സ്വന്തമാണ്. 15 വർഷവും 219 ദിവസവുമാണ് താരത്തിന്റെ പ്രായം. എൺപത് വർഷങ്ങൾക്ക് മുൻപ് സെൽറ്റ വിഗോ താരം സാൻസൺ കുറിച്ച റെക്കോർഡാണ് റൊമേറോ തിരുത്തി കുറിച്ചത്. പുതിയ മെസ്സി, മെക്സിക്കൻ മെസ്സി എന്നൊക്കെയാണ് പലരും താരത്തിന് വിശേഷണങ്ങൾ ചാർത്തികൊടുത്തത്.

അർജന്റീനയിലെ പ്രാദേശിക ഫുട്ബോളറായിരുന്ന ഡിയഗോ റൊമേറോയുടെ മകനായിട്ടാണ് ലൂക്ക റൊമേറോ ജനനം കൊള്ളുന്നത്. മാതാപിതാക്കൾ അർജന്റീന സ്വദേശികൾ ആയിരുന്നുവെങ്കിലും മെക്സിക്കൻ നഗരമായ ഡുറങ്കോയിലായിരുന്നു താരം പിറവി കൊണ്ടത്. ആ സമയം മെക്സിക്കോയിലെ ഒരു താഴ്ന്ന ലീഗിൽ കളിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. താരത്തിന്റെ മൂന്നാം വയസ്സിൽ അവർ സ്പെയിനിലേക്ക് മാറിതാമസിച്ചു. ഫുട്ബോളിനെ ഉപേക്ഷിക്കാൻ ഡിയഗോ തയ്യാറായില്ല. ഇബിസ ദ്വീപിൽ സ്വന്തമായി ഒരു ഫുട്ബോൾ അക്കാദമി അദ്ദേഹം സ്ഥാപിച്ചു.പിതാവിന് കീഴിൽ താരം പരിശീലനം നടത്തി.

താരത്തിന്റെ ഏഴാം വയസ്സിൽ ബാഴ്സയുടെ ട്രയൽസിൽ താരം പങ്കെടുത്തു. താരത്തിന്റെ പ്രതിഭ മനസ്സിലാക്കിയ ബാഴ്സ താരത്തെ ക്ലബിൽ എടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മാതാപിതാക്കൾക്ക് കാറ്റലോണിയയിലേക്ക് താമസം മാറാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. കൂടാതെ തന്നെ പത്ത് വയസ്സിന് താഴെയുള്ള താരങ്ങളെ സൈൻ ചെയ്യുന്നതിൽ ഫിഫ റൂൾ അനുസരിച്ചുള്ള തടസ്സവുമുണ്ടായി. ഇതോടെ താരത്തെ ബാഴ്സ ക്ലബിൽ എടുത്തില്ല. തുടർന്ന് താരത്തിന്റെ കുടുംബം majorka ദ്വീപിലേക്ക് താമസം മാറി. അദ്ദേഹം പത്ത് വയസ്സ് വരെ പിതാവിന്റെ കീഴിൽ പരിശീലനം തുടർന്നു. 2015-ൽ, അതായത് താരത്തിന്റെ പത്താം വയസ്സിൽ താരത്തെ മയ്യോർക്ക സൈൻ ചെയ്തു. സെക്കന്റ്‌ ഡിവിഷനിലെ ടീമിലെക്കായിരുന്നു താരം പരിഗണിക്കപ്പെട്ടത്. രണ്ട് വർഷങ്ങൾക്ക് ശേഷം ഡാനി ആൽവെസിനെ പരിചയപ്പെടാൻ താരത്തിന് ഭാഗ്യമുണ്ടായി. ഇബിസാൻ ബീച്ചിൽ വെച്ച് നടന്ന ജഗ്ലിങ് ഫുട്ബോളിനിടെയായിരുന്നു അത്. അന്ന് ഡാനി ആൽവെസിനൊപ്പം ഫോട്ടോ എടുക്കാൻ വന്നവരോട് ലൂക്കയെ ചൂണ്ടികാണിച്ചു കൊണ്ട് ആൽവെസ് പറഞ്ഞു. “നിങ്ങൾ അദ്ദേഹത്തോടൊപ്പം പോയി ഫോട്ടോ എടുത്തോളൂ.അദ്ദേഹമാണ് പുതിയ മെസ്സി “. ആ വിശേഷണം നൽകിയത് ഡാനിയായിരുന്നു.

മെക്സിക്കയിൽ ജനിച്ചത് കൊണ്ട് പലരും മെക്സിക്കൻ മെസ്സി എന്നാണ് താരത്തെ വിശേഷിപ്പിച്ചത്. എന്നാൽ 2018-ൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇറക്കിയ ഒരു പ്രസ്താവനയിൽ താരം ഇങ്ങനെ പറഞ്ഞു. ” എന്റെ മുഴുവൻ കുടുംബവും അർജന്റീനയിലാണ്. ആൽബിസെലസ്റ്റ ജേഴ്സി അണിയുക എന്നതാണ് എന്റെ സ്വപ്നം”. തുടർന്ന് 2019-ൽ പരാഗ്വയിൽ വെച്ച് നടന്ന സുഡാമേരിക്കാന ടൂർണമെന്റിൽ അദ്ദേഹം അർജന്റീന ജേഴ്സി അണിഞ്ഞു. മികച്ച പ്രകടനവും നടത്തി.

View this post on Instagram

😍⚽️🇦🇷 2-0 #lospibes #sudamericanosub15

A post shared by Luka Romero (@lukaromero10) on

താരത്തിന്റെ കരാർ പുതുക്കാൻ ഒരുങ്ങുകയാണ് റയൽ മയ്യോർക്ക. മുൻപ് കൈവിട്ട താരത്തെ ടീമിൽ എത്തിക്കാൻ ബാഴ്സ ഇപ്പോൾ മുൻപന്തിയിലുണ്ട്. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, അത്ലറ്റികോ മാഡ്രിഡ്‌ എന്നിവർക്ക് താരത്തെ കിട്ടിയാൽ കൊള്ളാമെന്നുമുണ്ട്. ഏതായാലും അർജന്റീന ആരാധകർക്കിടയിൽ നല്ല രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *